വൺ പ്ലസ് മൊബൈലിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; തകരാർ പരിഹരിക്കാത്ത കമ്പനി ഫോണിൻ്റെ വില നൽകാൻ ഉത്തരവ്

സോഫ്റ്റ്‌വെയർ അപ്ഡേഷന് ശേഷം മൊബൈൽ ഫോൺ ഡിസ്പ്ലേയിൽ തകരാർ ഉണ്ടാകുകയും ഡിസ്പ്ലേ അവ്യക്തമാവുകയും ചെയ്തു. ഡിസ്പ്ലേ മാറ്റിക്കൊടുക്കാമെന്ന് ആദ്യം ഉറപ്പ് നൽകി. എന്നാൽ സ്ക്രീൻ അവൈലബിൾ അല്ലെന്നും കാത്തിരിക്കണം എന്നും ന്യായം പറഞ്ഞു. ഒരുമാസത്തിന് ശേഷം തിരക്കിയപ്പോഴും സാധനം വന്നിട്ടില്ല, ഓർഡർ ചെയ്തിട്ടുണ്ട് എന്ന് മാത്രം വിശദീകരണം. പിന്നീട് പലവട്ടം ബന്ധപ്പെട്ടപ്പോൾ ഫോൺ 19,000 രൂപക്ക് തിരിച്ചെടുക്കാമെന്നായി. ഫോണിൻ്റെ വില 43,999 രൂപ. ഇതിനിടയിൽ പുതിയ അപ്ഡേഷൻ ഉണ്ടാകുകയും ഡിസ്ല്പേയിൽ വീണ്ടും തകരാർ കാണുകയും എന്നാൽ അനുകൂല നടപടി ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോഴാണ് പരാതി ഉപഭോക്തൃ കോടതിയിൽ എത്തിയത്.

എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എംആർ ഹരിരാജ് ആണ് പരാതിക്കാരൻ. 2021 ഡിസംബറിലാണ് ഹരിരാജ് 43,999 രൂപ വിലയുള്ള വൺപ്ലസ് (One Plus 9R Lake Blue) മൊബൈൽ ഫോൺ വാങ്ങിയത്. 2023 ജൂലൈ മാസത്തിൽ ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടന്നപ്പോൾ സ്ക്രീനിൽ പിങ്ക് ലൈൻ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഉപഭോക്താവ് അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ചപ്പോഴാണ് നിരുവാദപരമായ പ്രതികരണം ഉണ്ടായത്.

സോഫ്റ്റ്‌വെയർ അപ്ഡേഷനുകൾ സ്വീകരിക്കാൻ കഴിയാത്ത തരത്തിൽ മാനുഫാക്ചറിംഗ് ഡിഫക്ട് ഫോണിന് ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഭാവി അപ്‌ഡേറ്റുകളെ പരിഗണിക്കാത്ത ഫോൺ നിർമ്മാണമാണ്, ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്നും, അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കാൻ യാതൊരു നടപടികളും എതിർകക്ഷിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഫോണിൻറെ വിലയായ 43,999 രൂപ തിരികെ നൽകാനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളിൽ 35,000 രൂപയും നൽകാൻ എതിർകക്ഷികളായ വൺപ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കോടതി ഉത്തരവ് നൽകി. ഇത് 45 ദിവസത്തിനകം നൽകാത്തപക്ഷം 9 ശതമാനം പരിശ സഹിതം ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് ജിഷ ജി രാജ് കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top