കോവിഡിൽ യാത്ര മുടങ്ങിയാലും വിമാനക്കൂലി മടക്കി നൽകണം; വഴങ്ങാത്ത ടൂർ കമ്പനിക്ക് 1.80 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

കോവിഡ് കാരണം മുടങ്ങിയ വിദേശയാത്രക്ക് മുൻകൂറായി വാങ്ങിയ പണം തിരികെ നൽകാനാവില്ല. പകരം അതേ സ്ഥലത്തേക്ക് മറ്റൊരു യാത്രക്ക് ടൂർ വൌച്ചർ നൽകും. അത് ഉപയോഗിച്ച് അഞ്ചു വർഷത്തിനുള്ളിൽ മറ്റൊരു യാത്ര നടത്താം. ടൂർ കമ്പനിയുടെ ഈ നിലപാട് അംഗീകരിക്കാനാവില്ല എന്ന് പരാതിക്കാരൻ. ഇനി യാത്ര വേണ്ടെന്നും പണം തിരികെ വേണമെന്നും ആവശ്യം. വഴങ്ങാതെ ടൂർ കമ്പനി. ഇതോടെയാണ് പരാതി ഉപഭോക്തൃകോടതിയിൽ എത്തിയത്.
തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് കേണലുമായ ടി സി രാജു ആണ് എറണാകുളത്തെ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മിഷന് മുന്നിൽ പരാതി സമർപ്പിച്ചത്. പരാതിക്കാരനും ഭാര്യയും 16 ദിവസത്തെ അമേരിക്കൻ ടൂറിന് വേണ്ടി 2020 മെയ് മാസത്തിലാണ് പദ്ധതിയിട്ടത്. എന്നാൽ കോവിഡ് കാരണം റദ്ദായി.
ഇതിന് പകരമായി അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 1,49,000 രൂപയുടെ ടൂർ വൗച്ചർ ആണ് എതിർകക്ഷി വാഗ്ദാനം നൽകിയത്. എന്നാൽ പണം തിരിച്ചു വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാലിത് ഏകപക്ഷീയമായി കമ്പനി നിഷേധിച്ചു. ഇത് ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
സ്വന്തം നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നും തുക നൽകാൻ കഴിയില്ല എന്നുമാണ് കമ്പനി കോടതിയിലും സ്വീകരിച്ച നിലപാട്. എന്നാലിത് അംഗീകരിക്കാതെയാണ് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നഷ്ടപരിഹാരം ഉത്തരവിട്ടത്. കോടതി ചിലവും നഷ്ടപരിഹാരവും അടക്കം 1,80,510 നൽകാനാണ് ഉത്തരവ്. പരാതിക്കാർക്ക് വേണ്ടി അഡ്വ സിസിലി കെ കെ കോടതിയിൽ ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here