‘ചോളമണ്ഡലം’ നഷ്ടപരിഹാരം നല്‍കണം; ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചതിനെതിരെ ഉപഭോക്തൃകോടതി; യൂണിയന്‍ ബാങ്കിനും തിരിച്ചടി

കൊച്ചി: ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഉടമയ്ക്ക് ക്ലെയിം നിഷേധിച്ച കേസില്‍ ശ്രദ്ധേയ വിധിയുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പോളിസിയെടുത്ത് അഞ്ചുമാസം മാത്രമേ ആയുള്ളുവെന്നും രണ്ടുവർഷം കഴിഞ്ഞാൽ മാത്രമേ ഹൃദ്രോഗം പോലെയുള്ളവക്ക് ഇൻഷുറൻസ് അനുവദിക്കാൻ കഴിയുകയുള്ളൂവെന്നും ആണ് കമ്പനി സ്വീകരിച്ച നിലപാട്.
പരാതിക്കാരന് ചോളമണ്ഡലം ഇൻഷുറൻസ് കമ്പനിയും ഇടനിലക്കാരായ യൂണിയൻ ബാങ്കും നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധിച്ചത്. ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്ലെയിം നിഷേധിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വിധി.
എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി.ആർ.മിൽട്ടൺ, ഭാര്യ ഇവ മിൽട്ടന്‍ എന്നിവര്‍ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2020 ആഗസ്റ്റ് 22ന് നെഞ്ചുവേദനയെ തുടർന്നാണ് പരാതിക്കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്യാഷ് ലെസ് സൗകര്യം ഉണ്ടെന്ന് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് പോളിസി എടുത്തത്. പക്ഷെ ഇന്‍ഷൂറന്‍സ് ലഭ്യമായില്ല. ഒന്നര ലക്ഷത്തോളം രൂപ പരാതിക്കാരന് സ്വയം അടയ്ക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
തികച്ചും സാങ്കേതികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ ഇൻഷുറൻസ് തുക നിരസിക്കുന്ന കമ്പനികളുടെ നടപടി അധാർമികവും നിയമവിരുദ്ധവും ആണെന്ന് ഡി.ബി.ബിനു അധ്യക്ഷനായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി കണ്ടെത്തി. പരാതിക്കാരന് ബില്‍ തുകയായ 1,53,000 രൂപയും, നഷ്ടപരിഹാരമായി 70,000 രൂപയും ചേര്‍ത്ത് 2,23,497 രൂപ ഇന്‍ഷൂറന്‍സ് കമ്പനിയും ബാങ്കും ചേര്‍ന്ന് ഒരു മാസത്തിനകം നല്‍കണമെന്നാണ് കോടതി വിധിച്ചത്. പോളിസി വില്പനയിലെ ഇടനിലക്കാർ മാത്രമാണെന്നും പോളിസി ചോളമണ്ഡലത്തിന്‍റെതാണെന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ബോധിപ്പിച്ചു. ഈ വാദങ്ങള്‍ കോടതി തള്ളി. പരാതിക്കാർക്ക് വേണ്ടി അഡ്വ. കെ.ജെ.ചാക്കോച്ചൻ ഹാജരായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here