പരീക്ഷകള്‍ക്ക് കോച്ചിങ് നല്‍കുന്ന എഫ്ഐഐറ്റിജീക്ക് 1.98 ലക്ഷം രൂപ പിഴ; ഉപഭോക്തൃകോടതി വിധി വിദ്യാര്‍ത്ഥിയുടെ പരാതിയില്‍

ഐഐടി ഉൾപ്പെടെ മത്സരപരീക്ഷകളിലെ കോച്ചിങ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ വിദ്യാർത്ഥിനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധി. പെരുമ്പാവൂർ സ്വദേശിനിയായ നന്ദന.എസ്.കർത്തയുടെ പരാതിയിലാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി വിധി. എറണാകുളത്ത് പ്രവർത്തിക്കുന്ന എഫ്ഐഐറ്റിജീക്ക് എതിരെയാണ് വിദ്യാര്‍ത്ഥിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

16 വയസുള്ള കുട്ടിക്ക് വേണ്ടി പിതാവ് കെ.ശ്രീകുമാർ ആണ് പരാതി സമർപ്പിച്ചത്. കോച്ചിങ് സ്ഥാപനം 1.98 ലക്ഷം രൂപ പിഴ നല്‍കണം എന്നാണ് ഡി.ബി.ബിനു അധ്യക്ഷനായ എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി ഉത്തരവിട്ടത്.

എഫ്ഐഐറ്റി ജീ നടത്തിയ മത്സരപരീക്ഷയിൽ വിജയിയായ വിദ്യാർത്ഥിനിക്ക് ഐഐടി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് ട്രെയിനിങ് നൽകുന്നതിന് തയ്യാറാണെന്ന് സ്ഥാപനം അറിയിച്ചു. 2018 മെയ് 6ന് കൊച്ചിയില്‍ ആരംഭിക്കുന്ന കോഴ്സിനാണ് അഡ്മിഷൻ വാഗ്ദാനം ചെയ്തത്. 1,53,784 രൂപ ഫീസ് നല്‍കി. എന്നാല്‍ വാഗ്ദാനം ചെയ്തപോലെ കോഴ്സുകൾ ആരംഭിച്ചില്ല. ഇതിനായി വിദ്യാർത്ഥിനിയുടെ പിതാവ് പലതവണ സ്ഥാപനത്തിൽ ചെന്നു. തുടർന്ന് പിതാവ് മറ്റൊരു സ്ഥാപനത്തിൽ കുട്ടിയെ ചേർത്തു. കോഴ്സിൽ ചേരാൻ കഴിയാതിരുന്നതു മൂലം ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

ഫീസ് തിരിച്ചു നൽകില്ല എന്ന നിബന്ധന അംഗീകരിച്ചതിനുശേഷം ആണ് പരാതിക്കാർ കോഴ്സിന് ചേർന്നതെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു. പല ഇളവുകളും നൽകാമെന്നും പകരം പഠനസൗകര്യം ഏർപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തുവെങ്കിലും അത് പരാതിക്കാർ സ്വീകരിച്ചില്ലെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു. വിദ്യാർത്ഥിനിയുടെ പ്രതീക്ഷകൾ തകർക്കുന്ന തരത്തിലാണ് എതിർകക്ഷികളുടെ വാഗ്ദാന ലംഘനം ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ക്ലാസുകൾ യഥാസമയം ആരംഭിക്കാത്തതുമൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമല്ല ഏറെ മനക്ലേശവും ആ കുടുംബം അനുഭവിച്ചു ഇന്നും കോടതി ചൂണ്ടിക്കാട്ടി. എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികതയും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഫീസായ 1,53,784 രൂപ കൂടാതെ 30,00 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവ് ഉൾപ്പെടെ 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ.എം.വി.ബിപിൻ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top