പോപ്പുലര്‍ ഫിനാന്‍സിനെതിരെ ഉപഭോക്തൃ കോടതി; നിക്ഷേപകന് മുതലും പലിശയുമടക്കം തിരികെ നല്‍കണം; വിധി മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍

കൊച്ചി: ഒട്ടനവധി നിക്ഷേപകരെ കബളിപ്പിച്ച് കോടികള്‍ തട്ടി മുങ്ങിയ പോപ്പുലര്‍ ഫിനാന്‍സിനെതിരെ ശ്രദ്ധേയമായ വിധിയുമായി ഉപഭോക്തൃ കോടതി. നിക്ഷേപത്തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകന് മുതലും പലിശയുമടക്കം തിരികെ നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചു. അങ്കമാലി സ്വദേശി പി.വി.പ്രസാദ് നല്‍കിയ പരാതിയിലാണ് ഡി.ബി.ബിനു അധ്യക്ഷനായ ഉപഭോക്തൃകോടതിയുടെ ഉത്തരവ് വന്നത്. നടപടി. 2021 ഓഗസ്റ്റിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്.

പോപ്പുലർ ഫിനാൻസിന്റെ മാനേജിങ് പാർട്ടണർമാരായ തോമസ്‌ ഡാനിയേല്‍, ഭാര്യ പ്രഭാ ഡാനിയേല്‍, മക്കളായ റിനു മറിയം തോമസ്‌, റിയാ ആന്‍ തോമസ്‌ എന്നിവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പരാതിക്കാരന് നിക്ഷേപത്തുകയായ ഒൻപത് ലക്ഷവും 70000 രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും നല്‍കണം.

പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ്‌ എറണാകുളം അങ്കമാലിയിലെ എതിർകക്ഷിയുടെ ബ്രാഞ്ചിൽ 2017 സെപ്റ്റംബർ മാസം മുതൽ മൂന്ന് തവണകളായി 9,00,000 രൂപ നിക്ഷേപിച്ചത്. ആദ്യത്തെ കുറച്ച് സമയം പലിശ ലഭിച്ചുവെങ്കിലും പിന്നീട് ലഭിച്ചില്ല. നിക്ഷേപത്തുക തിരിച്ച് വാങ്ങാൻ പരാതിക്കാരന്‍ അങ്കമാലിയിലെ ഓഫീസിൽ ചെന്നപ്പോൾ ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്. 45 ദിവസത്തിനുള്ളിലാണ് മുതലും പലിശയുമടക്കം 9,95,000 രൂപ പോപ്പുലര്‍ ഫിനാന്‍സ് തിരികെ നല്‍കേണ്ടത്. അഡ്വ.കെ.എസ്.അരുൺദാസ് പരാതിക്കാരന് വേണ്ടി ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top