യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ത്രിശങ്കുവില്‍, ഒന്നാമതെത്തിയയാള്‍ ജയിലില്‍, രണ്ടാമൻ തട്ടിക്കൊണ്ട് പോകല്‍ കേസില്‍ പ്രതി

കൊച്ചി : യൂത്ത് കോണ്‍ഗ്രസില്‍ ആറ്റുനോറ്റിരുന്ന് ഒരു സംഘടനാ തിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ ഫല പ്രഖ്യാപനം വന്നതോടെ എറണാകുളം ജില്ലയില്‍ ആകെ മൊത്തം പ്രതിസന്ധിയിലായ അവസ്ഥയാണ്. ആരാകും ജില്ലാ പ്രസിഡന്റ് എന്നത് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥ. തിരഞ്ഞടുപ്പ് രീതിയനുസരിച്ച് കൂടുതല്‍ വോട്ട് നേടുന്നയാള്‍ ജില്ലാ പ്രസിഡന്റാകും എന്നതാണ്. കൂടുതല്‍ വോട്ട് കിട്ടിയയാള്‍ ക്രിമിനല്‍ കേസില്‍ ജയിലിലും രണ്ടാം സ്ഥാനത്തുളളയാള്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ആറാം പ്രതിയുമാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ ഭാരവാഹികളാകേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. അതുകൊണ്ട് തന്നെ ഭാരവാഹിയെ എങ്ങനെ നിശ്ചയിക്കും എന്നതില്‍ പരിശോധനകള്‍ നടക്കുകയാണ്.

ഹിയറിംഗ് നടത്തുമെന്ന് നേതൃത്വം

സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കേസുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ നിര്‍ദ്ദേശം. ഇവയെല്ലാം പരിശോധിച്ച ശേഷമാണ് നോമിനേഷന് അംഗീകാരം നല്‍കുന്നത്. ഒന്നാം സ്ഥാനത്ത് എത്തിയ പി.എച്ച്. അനൂപിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരുടെ കാര്യത്തില്‍ പ്രത്യേക പരിശോധന നടത്തും. അതിനു ശേഷം സമിതി തീരുമാനം പ്രഖ്യാപിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇരുവിഭാഗത്തിന്റേയും ഹിയറിംഗ് നടത്തി തീരുമാനമെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇന്നും നാളെയുമായി ഈ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഷിയാസ് മാധ്യമ സിന്‍ഡിക്കറ്റിനോട് വ്യക്തമാക്കി. സിജോ ജോസഫിന്റെ ഹിയറിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

അനൂപിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍, സിജോക്കെതിരെയും കേസ്

സംഘടനാ തിരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് പി.എച്ച്.അനൂപായിരുന്നു. എ ഗ്രൂപ്പ് പ്രതിനിധിയും ബെന്നി ബഹന്നാന്‍ എംപിയുടെ അടുപ്പക്കാരനുമായ അനൂപ് നിലവില്‍ ജയിലാണ്. അയല്‍വാസിയായ ഖാദര്‍പിള്ളയെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒക്ടോബര്‍ 28നാണ് അനൂപിനെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇത്കൂടാതെ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സലിം.കെ.മുഹമ്മദിനെ മര്‍ദ്ദിച്ചതിന് കേസും നിലവിലുണ്ട്. മര്‍ദ്ദിച്ചത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയപ്പോള്‍ സലീമിനെ വീണ്ടും മര്‍ദ്ദിച്ചുവെന്ന കേസും അനൂപിനെതിരെയുണ്ട്.

രണ്ടാം സ്ഥാനത്ത് എത്തിയ ഐ ഗ്രൂപ്പ് പ്രതിനിധിയായ സിജോ ജോസഫ് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം തട്ടിയെന്ന കേസിലാണ് എളമക്കര പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഈ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് സിജോയുടെ നിലപാട്. എഫ്‌ഐആറില്‍ പേരില്ലാതിരുന്നിട്ടും നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കൂര്‍ ജാമ്യം നേടിയതിനാലാണ് പ്രതിസ്ഥാനത്ത് വന്നതെന്നാണ് സിജോയുടെ വാദം. കേസുകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും നോമിനേഷനില്‍ രേഖപ്പെടുത്തിയിരുന്നതായി സിജോ ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇന്ന് നടന്ന ഹിയറിംഗിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സ്വാഭാവികമായും തീരുമാനം തനിക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും സിജോ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top