ക്രൈസ്തവസഭകളുടെ ഭൂമിവിഷയത്തിൽ ആർഎസ്എസ് മുഖപത്രത്തെ തള്ളി ബിജെപി അധ്യക്ഷൻ; തെറ്റുപറ്റിയപ്പോൾ പിൻവലിച്ചുവെന്ന് ന്യായീകരണം

ക്രൈസ്തവസഭകളെ ഒപ്പം നിർത്താൻ കേരളത്തിൽ ബിജെപി എല്ലാ ശ്രമവും നടത്തുകയാണ്. പ്രത്യേകിച്ച് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം. വഖഫ് ബോർഡിൻ്റെ ഇടപെടലിനെ തുടർന്ന് മുനമ്പത്ത് ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്ന ക്രൈസ്തവരെ പാട്ടിലാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുമുണ്ട്. വഖഫ് ഭേദഗതി ബിൽ പാസാക്കിയ ശേഷം ഇവിടെയെത്തിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഒട്ടേറെ ക്രൈസ്തവർ നേരിട്ട് ബിജെപിയിൽ അംഗത്വം എടുക്കുകയും ചെയ്തു. ഇതിനെല്ലാമിടയിലാണ് ഇടിത്തീ പോലെ ഓർഗനൈസറിലെ ലേഖനം വന്നുവീണത്.
സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിൽ കൂടുതൽ ഭൂമി വഖഫ് ബോർഡിനാണെന്ന പ്രചാരണം തെറ്റാണെന്നും കത്തോലിക്കാ സഭയാണ് രാജ്യത്തെ വലിയ സ്വകാര്യ ഭൂവുടമ എന്നുമാണ് ഓർഗനൈസർ ലേഖനത്തിൽ പറഞ്ഞത്. ഒമ്പതുലക്ഷം ഏക്കർ ഭൂമിയാണ് വഖഫ് ബോർഡിനുള്ളത്. 20 ലക്ഷം ഏക്കർ ഭൂമി ഹിന്ദുമത ട്രസ്റ്റുകളുടെ കൈവശമുണ്ട്. എന്നാൽ ഏഴുകോടി ഹെക്ടർ ഭൂമിയാണ് കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിൽ ഉള്ളതെന്നും വഖഫ് ബോർഡിനേക്കാൾ 200 മടങ്ങ് അധികമാണിത് എന്നുമാണ് ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനത്തിൽ പറഞ്ഞിരുന്നത്. ഇതെല്ലാം ബ്രിട്ടിഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും വിശദീകരിക്കുന്ന ലേഖനത്തിൻ്റെ ധ്വനി, വഖഫ് മാതൃകയിൽ ഇതെല്ലാം സർക്കാർ കൈകാര്യം ചെയ്യേണ്ടതാണ് എന്നായിരുന്നു.

ഇതോടെയാണ് ഓർഗനൈസറെ തള്ളിപ്പറയാൻ ബിജെപി നിർബന്ധിതരാകുന്നത്. ക്രൈസ്തവ സഭകളുടെ സ്വത്തിനെക്കുറിച്ചുള്ള ലേഖനം തെറ്റെന്ന് കണ്ടത് കൊണ്ടാണ് ഓര്‍ഗനൈസര്‍ അത് പിന്‍വലിച്ചത് എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഭൂമി കൈവശം വയ്ക്കുന്നത് ഈ രാജ്യത്ത് തെറ്റല്ല, തട്ടിയെടുക്കുന്നതാണ് തെറ്റ് എന്നെല്ലാം വിശദീകരിച്ച് കൊണ്ടാണ് രാജീവ് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. എന്ത് തന്നെയായാലും വഖഫ് ബിൽ പാസാക്കിയതിൻ്റെയും, അത് ഉന്നയിച്ച് ക്രൈസ്തവരെ കൂടെ നിർത്താൻ ശ്രമിക്കുന്നതിൻ്റെയുമെല്ലാം ഉദ്ദേശ്യശുദ്ധിയെ ഒരുവിഭാഗം സംശയിക്കാൻ ഓർഗനൈസർ ലേഖനം ഇടയാക്കിയിട്ടുണ്ട് എന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്.
വഖഫ് ബിൽ ഇപ്പോൾ മുസ്ലിങ്ങളെ ലക്ഷ്യംവച്ചാണ് കൊണ്ടുവരുന്നത് എങ്കിലും ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള മാതൃക സൃഷ്ടിക്കുന്നുവെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയതാണ് എന്ന് ഇന്നലെ രാഹുൽ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു. ആർഎസ്എസ് ഇനി ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാൻ അധികനാളില്ല. അത്തരം ആക്രമണങ്ങളിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് പോലെ സഭാ സ്വത്തുക്കൾക്കായി പ്രത്യേക ബോർഡ് സ്ഥാപിക്കുന്നതിൽ നിർദേശം നൽകാൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ നവംബറിൽ മറ്റൊരു കേസിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here