ജെസ്ന അന്ന് തമിഴ്നാട്ടിൽ, കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നു; സിബിഐ വന്നില്ലെങ്കിൽ കണ്ടെത്തിയേനെ: തച്ചങ്കരി

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു എന്ന് മാധ്യമ സിൻഡിക്കറ്റ് ഇന്നലെ പുറത്തുവിട്ട വാർത്തയോടുള്ള ക്രൈംബ്രാഞ്ച് മുൻ മേധാവി ടോമിൻ തച്ചങ്കരിയുടെ ആദ്യ പ്രതികരണം പുറത്ത്. അന്വേഷണം സിബിക്ക് വിട്ടിരുന്നില്ലെങ്കിൽ തൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞേനെ എന്നാണ് തച്ചങ്കരി പറയാതെ പറയുന്നത്.

ക്രൈംബ്രാഞ്ച് ജെസ്‌നയുടെ കയ്യെത്തുംദൂരത്ത് എത്തിയിരുന്നു. ആ ഘട്ടത്തിലാണ് ജെസ്നയെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന് താനൊരു വെളിപ്പെടുത്തൽ നടത്തിയത്. പക്ഷെ അതിന് ശേഷം കോവിഡ് ലോക്ക്ഡൗൺ വന്ന് അന്വേഷണം വഴിമുട്ടി. അത് കഴിഞ്ഞപ്പോൾ ഹൈക്കോടതി ഇടപെട്ട് സിബിഐക്ക് വിടുകയും ചെയ്തു.

അന്വേഷണം സിബിഐ അവസാനിപ്പിക്കുന്നുവെന്ന വിവരം മാധ്യമ സിൻഡിക്കറ്റിലൂടെയാണ് താൻ അറിഞ്ഞത്. ക്ലോഷർ റിപ്പോർട്ട് കോടതിക്ക് നൽകുന്നത് സാങ്കേതിക നടപടി മാത്രമാണ്. ജെസ്നയെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചുവെന്ന് ഇതിന് അർത്ഥമില്ല. നിർണായകമായ എന്ത് വിവരം കിട്ടിയാലും എപ്പോൾ വേണമെങ്കിലും കേസ് തുറക്കാവുന്നതേയുള്ളൂ, തച്ചങ്കരി പറയുന്നു. പോലീസും ക്രൈംബ്രാഞ്ചും പലപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്.

വർഷങ്ങളോളം കേരളം കാത്തിരുന്ന വലിയ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നലെ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ടത്. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളെല്ലാം പിന്നീട് ഏറ്റെടുത്ത വാർത്തയിൽ കൂടുതൽ പ്രതികരണങ്ങൾ വരാനിരിക്കുകയാണ്.

Logo
X
Top