സുപ്രീം കോടതിക്ക് പ്രാദേശിക ബെഞ്ചുകള്‍ വരുന്നു; ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തരുത്; നിര്‍ണായക നിര്‍ദേശങ്ങളുമായി പാര്‍ലമെന്ററി സമിതി; അംഗീകരിച്ച് നിയമ മന്ത്രാലയം

ഡല്‍ഹി: സുപ്രീംകോടതി വ്യവഹാരം നിലവിൽ ചിലവേറിയ ഇടപാടാണ്. ചിലവിന് പുറമെ ഭാഷാ പ്രശ്‌നം, അഭിഭാഷകരെ കണ്ടെത്താനുള്ള ബുദ്ധിമുട്ട്, കോടതി വ്യവഹാരത്തിനുള്ള ചിലവ് എന്നിവയെല്ലാം പ്രശ്നമാണ്. ഇവയ്ക്കെല്ലാം വലിയൊരു പരിധി വരെ പരിഹാരമാകും പ്രാദേശിക ബഞ്ചുകൾ വരുമ്പോൾ. കേസുകളുടെ ബാഹുല്യം നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടിയ പ്രധാന ഘടകം. കൂടാതെ വേഗത്തില്‍ വിധി വരുന്നതിനും സഹായകമാകും.

നാലോ അഞ്ചോ പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കാനാണ് ശുപാര്‍ശ. ഭരണഘടനാ പ്രശ്‌നങ്ങളടക്കമുള്ള പ്രാധാന്യമുള്ള കേസുകള്‍ ഡല്‍ഹിയില്‍ മാത്രം കൈകാര്യം ചെയ്യാമെന്നുമുള്ള സമിതിയുടെ ശുപാര്‍ശയാണ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. നിയമന്ത്രാലയം 2010ലും 2016ലും ഈ നിര്‍ദ്ദേശം സുപ്രീം കോടതിയുടെ മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് പ്രാദേശിക ബെഞ്ചുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തോട് സുപ്രീം കോടതി മുഖംതിരിക്കുകയായിരുന്നു.

രാജ്യത്തെ നിയമവ്യവസ്ഥയുടെ പരിഷ്‌കരണത്തിനായി നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി മുന്നോട്ടുവെച്ച നിര്‍ണ്ണായക നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. സമിതിയുടെ 133-ാമത് റിപ്പോര്‍ട്ട്, 2023 ഓഗസ്റ്റ് 7നാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചത്. 22 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ടു വച്ചത്. ഇതില്‍ ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേസുകളുടെ പുരോഗതി സംബന്ധിച്ച് കോടതികള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കണം എന്നതാണ് അംഗീകരിക്കപ്പെട്ട മറ്റൊരു ശുപാര്‍ശ. സുപ്രീം കോടതിയും എല്ലാ ഹൈക്കോടതികളും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പതിവായി പ്രസിദ്ധീകരിക്കണം. എന്നാല്‍ ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച നിര്‍ദേശം സമിതി പരിഗണിച്ചിട്ടില്ല. നിലവില്‍ സുപ്രീം കോടതി ജഡ്ജിമാരുടേത് 65 വയസും ഹൈക്കോടതി ജഡ്ജിമാരുടേത് 62 വയസുമാണ്. ഈ സ്ഥിതി തുടരുന്നതാണ് നല്ലതെന്നാണ് സമിതിയുടെ നിര്‍ദേശം. വിരമിച്ച ജഡ്ജിമാരെ മറ്റ് സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് പുനപരിശോധിക്കണം. നിയമനങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള മതിയായ എണ്ണം സ്ത്രീകളെയും ഉദ്യോഗാര്‍ത്ഥികളെയും ശുപാര്‍ശ ചെയ്യണം. കോടതി അവധികള്‍ കൊളോണിയല്‍ അവശേഷിപ്പാണ്. ഇത് മൂലം കേസുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിയാണ്. ഇതില്‍ മാറ്റം വരുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ നിയമമന്ത്രാലയത്തിന്റെ തീരുമാനമുണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top