മാവോയിസ്റ്റ് ഭീഷണി: കമ്പമലയിൽ തൊഴിലാളികൾ പ്രതിഷേധത്തിൽ, പണിയ്ക്ക് പോകാതെ കെ.എഫ്.ഡി.സി ഓഫീസിന് മുന്നിൽ തടിച്ചുകൂടി

വയനാട്: കമ്പമലയിൽ തുടർച്ചയായി മാവോയിസ്റ്റുകൾ എത്തുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണവുമായി തോട്ടം തൊഴിലാളികൾ രംഗത്ത്. ബുധനാഴ്ച വൈകിട്ട് തൊഴിലാളികൾ താമസിക്കുന്ന പാടിക്കടുത്ത് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. എസ്റ്റേറ്റിലേക്കുള്ള വഴിയിൽ പോലീസ് സ്ഥാപിച്ചിരുന്ന കാമറ സംഘം തല്ലിത്തകർത്തു.
നിരന്തരമായ മാവോയിസ്റ്റ് സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ച് തൊഴിലാളികൾ കമ്പമല വനം വികസന കോർപറേഷൻ(കെ.എഫ്.ഡി.സി) ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പണിക്ക് പോകാൻ വിസ്സമ്മതിച്ചാണ് തൊഴിലാളികൾ ഇവിടെ നിൽക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മാനന്തവാടി ഡിവൈഎസ്പി ഷൈജു.പി.എൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. മുപ്പതു മിനിറ്റോളം പ്രദേശത്ത് തങ്ങിയ സംഘം നാട്ടുകാർക്ക് ലഘുലേഖകൾ വിതരണം ചെയ്ത ശേഷം കാട്ടിലേക്ക് മടങ്ങി. പ്രദേശവാസികളുമായി ചെറിയതോതിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുണ്ട്. സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ് ലഘുലേഖകൾ. ഇവർക്കായി തുണ്ടർബോൾട്ടും പോലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 28ന് അഞ്ചംഗ സംഘം തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കെ.എഫ്.ഡി.സി ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. മാനേജരെ പുറത്താക്കിയ ശേഷം ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്തു. എന്നാൽ തോക്കുധാരികളായ ഇവർ ആരെയും ഉപദ്രവിച്ചില്ല. കമ്പമലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടക്കുന്നതിനിടയിലാണ് അവിടെ നിന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള പൊയിലിൽ വീണ്ടും സംഘം എത്തിയത്
കമ്പമല പാടിയിലെ തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകുക, തൊഴിലാളികൾ ആസ്പെറ്റോസിന് താഴെ അന്തിയുറങ്ങുമ്പോൾ തോട്ടം അധികാരികളെ മണിമാളികയിൽ ഉറങ്ങാൻ അനുവദിക്കില്ല എന്നിവയാണ് സംഘത്തിന്റെ ആവശ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here