ഇടിമിന്നല്‍ കാഴ്ച ബഹിരാകാശത്ത് നിന്നും; അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇഎസ്എ

യൂറോപ്പിലും ആഫ്രിക്കയിലും ഉണ്ടായ ഇടിമിന്നലിന്റെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ട് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ). മെറ്റിയോസാറ്റ് തേർഡ് ജനറേഷന്‍ ഉപഗ്രഹം ഉപയോഗിച്ച് ശേഖരിച്ച ഡാറ്റ ആനിമേറ്റ് ചെയ്‌തൊരുക്കിയ ദൃശ്യങ്ങളാണ് ആണ് ഇഎസ്എ പുറത്തുവിട്ടത്. യൂറോപ്പിലേയും ആഫ്രിക്കയിലേയും ഇടിമിന്നല്‍ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പകര്‍ത്താന്‍ കഴിയുന്ന ആദ്യ ഉപകരണമാണിതെന്ന് ഇഎസ്എ പറയുന്നു.

മെറ്റിയോ സാറ്റ് തേർഡ് ജനറേഷന്‍ ഇമേജര്‍ പരമ്പരയിലെ മൂന്ന് ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെ മുന്‍കൂട്ടി കണ്ടെത്താനും ചുരുങ്ങിയ സമയം കൊണ്ട് സുപ്രധാന വിവരങ്ങള്‍ നല്‍കാനും സാധിക്കുന്ന വിധത്തിലാണ് ഉപഗ്രഹം നിർമിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് പോലുള്ള കാലവസ്ഥാ വ്യതിയാനങ്ങള്‍ പ്രവചിക്കുന്നതില്‍ ഈ ഉപഗ്രഹ പരമ്പര കാലാവസ്ഥാ നിരീക്ഷകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് ഇഎസ്എ പറയുന്നു. സമുദ്രങ്ങള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കൊടുങ്കാറ്റുകള്‍ പ്രവചിക്കാന്‍ ഇതിന് പ്രത്യേക കഴിവുണ്ട്.

ഇതിലെ ‘ലൈറ്റിനിങ് ഇമേജറിലുള്ള’ നാല് ക്യാമറകള്‍ക്ക് 36000 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇടിമിന്നല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനാവും. യൂറോപ്പ്, ആഫ്രിക്ക, മധ്യേഷ്യ, ദക്ഷിണ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ ഈ ക്യാമറകളുടെ വീക്ഷണ പരിധിയില്‍ പെടും. ഓരോ ക്യാമറയ്ക്കും സെക്കന്റില്‍ 1000 ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുണ്ട്. ബഹിരാകാശത്ത് നിന്ന് ഇടിമിന്നല്‍ തത്സമയം നിരീക്ഷിക്കാനും ഇതിന് സാധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top