MO-2 ജട്ടി കോടതിയിൽ ഹാജർ!! തൊണ്ടി തിരിമറിക്കേസിൽ മറ്റ് രേഖകൾ കോടതിയിലേക്ക് എത്തിയില്ല, സാക്ഷിവിസ്താരം പൂർണ തോതിലാകുന്നില്ല

തൊണ്ടിമുതൽ തിരിമറിക്കേസിൽ സാക്ഷികളുടെ എല്ലാവരുടെയും പ്രായം ഏറെക്കുറെ 70നും 80നും ഇടയിൽ. 29 സാക്ഷികൾ ഉണ്ടായിരുന്നവരിൽ നാലുപേർ മരിച്ചുപോയി. ബാക്കി ഏതാണ്ട് എല്ലാവരും തന്നെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരുമാണ്. ദൂരെയുള്ളവരിൽ എത്രപേർ നേരിട്ടെത്തുമെന്ന് ഉറപ്പില്ല. അസുഖം ബാധിച്ച് കിടപ്പിലായവരും ഉണ്ട്. ചിലരുടെയെങ്കിലും വിചാരണ ഓൺലൈനിൽ നടത്തേണ്ടിവരും. അല്ലെങ്കിൽ ഈ പ്രായത്തിൽ വിചാരണക്കായി നേരിട്ട് നെടുമങ്ങാട് വരെയെത്തുക സാക്ഷികൾക്ക് ശിക്ഷയായി മാറുന്ന സാഹചര്യമാകും.
വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം സാക്ഷിവിസ്താരം നടത്താനാണ് തൽക്കാലം നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ അഡ്മിനിസ്ട്രേഷൻ അസി. കമ്മിഷണറായിരുന്ന കെ രാമചന്ദ്രൻ, സെഷൻസ് കോടതിയിൽ റെക്കോർഡ്സ് സെക്ഷൻ ക്ലാർക്കായിരുന്ന രവീന്ദ്രൻ നായർ എന്നിവർക്കാണ് ഇന്ന് ഹാജരാകാൻ സമൻസ് അയച്ചിരിക്കുന്നത്. തൊണ്ടിവസ്തുക്കൾ സൂക്ഷിക്കുന്നതിൻ്റെ നടപടിക്രമങ്ങൾ അറിയാൻ, തിരുവനന്തപുരം ജെഎഫ്എംസിയിൽ മുമ്പ് ശിരസ്തദാർ ആയിരുന്ന കെ രാധയുടെ വിസ്താരം കഴിഞ്ഞ വെള്ളിയാഴ്ച നടന്നു. 100 കിലോമീറ്റർ അപ്പുറത്ത് കരുനാഗപ്പള്ളിയിൽ നിന്നാണ് ട്രെയിനും ബസും ഓട്ടോറിക്ഷയും കയറി 74കാരിയായ അവർ ഭർത്താവുമൊത്ത് എത്തിയത്.
അതേസമയം പ്രതികൾക്കാകും ഏറ്റവും എളുപ്പത്തിൽ കോടതിയിൽ വന്നുപോകാൻ കഴിയുക. ഒന്നാംപ്രതി കോടതി മുൻ ജീവനക്കാരൻ കെ എസ് ജോസ് താമസിക്കുന്ന പേരൂർക്കടയിൽ നിന്ന് ഒറ്റ ബസിൽ കയറിയാൽ അര മണിക്കൂർ കൊണ്ട് നെടുമങ്ങാട് കോടതിക്ക് മുന്നിലിറങ്ങാം. രണ്ടാം പ്രതിക്കാകട്ടെ എംഎൽഎ എന്ന നിലയിലും മുൻ മന്ത്രിയെന്ന നിലയിലും കാറും ഗൺമാനും അടക്കം എല്ലാ സൌകര്യവുമുണ്ട്. ഇടക്ക് അവധിക്ക് അപേക്ഷിച്ചിട്ടുണ്ട് എങ്കിലും ബാക്കിയെല്ലാ ദിവസവും വിചാരണ പൂർത്തിയാകും വരെ രണ്ടു മണിക്കൂറിലേറെ പ്രതിക്കൂട്ടിൽ തന്നെയുണ്ടാകും മുൻമന്ത്രി അടക്കം രണ്ടുപേരും.
അതേസമയം 35 വർഷം പഴക്കമുള്ള കേസിൻ്റെ രേഖകൾ ഇനിയും പൂർണമായി കോടതിയിലേക്ക് എത്തിയിട്ടില്ല. 1990ൽ തിരുവനന്തപുരം വിമാനത്താവളം വഴി ലഹരി കടത്തിയ കേസിലെ വിദേശിയെ പിടികൂടി വിചാരണ നടത്തിയത് വഞ്ചിയൂരിലെ ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആയിരുന്നു. ഈ സെക്കൻഡ് ക്ലാസ് കോടതികളെല്ലാം നിർത്തലാക്കിയ ശേഷം അതിൻ്റെ അധികാരപരിധി മറ്റ് കോടതികൾക്ക് കൈമാറുകയും, അവിടെ കൈകാര്യം ചെയ്തിരുന്ന കേസുകളും രേഖകളും മറ്റ് കോടതികളെ ഏൽപിക്കുകയും ചെയ്തിട്ടുണ്ട്. അവ ഏതെല്ലാം കോടതിയെന്നും, രേഖകൾ എവിടെയെല്ലാം സൂക്ഷിക്കുന്നു എന്നും കണ്ടെത്തി വേണം ഇനി ഓരോന്നും നെടുമങ്ങാട് കോടതിയിലേക്ക് എത്തിക്കാൻ.
തൊണ്ടിവസ്തു അഥവാ മെറ്റീരിയൽ ഒബ്ജക്ട് രണ്ട് എന്ന് നമ്പറിട്ട (MO-2) വെട്ടിത്തയ്ച്ചു ചെറുതാക്കിയ അടിവസ്ത്രം നേരത്തെ നെടുമങ്ങാട് എത്തിയിട്ടുണ്ട്. തിരിമറിക്കായി ഇത് കോടതിയിൽ നിന്ന് വാങ്ങി കൊണ്ടുപോയതിൻ്റെ പേരിൽ കേസിൽ രണ്ടാം പ്രതിയായ ആൻ്റണി രാജു, കേസ് റദ്ദക്കാനായി നൽകിയ ഹർജി സുപ്രീം കോടതി തള്ളിയത് ഇക്കഴിഞ്ഞ നവമ്പർ 20നാണ്. അതിനൊപ്പമാണ് വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രേഖകൾ പൂർണമായി കോടതിയിൽ എത്താതെ തന്നെ തിടുക്കത്തിൽ വിചാരണ തുടങ്ങാൻ മജിസ്ട്രേറ്റ് റൂബി ഇസ്മയിൽ നടപടിയെടുത്തത്. രേഖകൾ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതില്ലാത്ത സാക്ഷികളുടെ വിസ്താരമാണ് ഇപ്പോൾ തുടങ്ങിവച്ചിരിക്കുന്നത്.
അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ എ മൻമോഹൻ ആണ് പ്രോസിക്യൂഷനായി ഹാജരാകുന്നത്. പ്രമുഖ അഭിഭാഷകരായ കോവളം അജിത് കുമാർ, ശാസ്തമംഗലം എസ് അജിത് കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾക്കായി യഥാക്രമം ഹാജരാകുന്നത്. ബി രാമൻ പിള്ള അടക്കം പ്രമുഖരെ ഹൈക്കോടതിയിൽ നിന്നെത്തിക്കാൻ ആൻ്റണി രാജു ശ്രമിച്ചെങ്കിലും, കേസിൽ സുപ്രീം കോടതിയും ഹൈക്കോടതിയും നടത്തിയിട്ടുള്ള ഗുരുതര പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാട്ടി വിജയസാധ്യതയിൽ സംശയം പ്രകടിപ്പിച്ച് പലരും ഒഴിയുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here