തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നേരിട്ട് ഹാജരായി; പ്രത്യേക കോടതിയിൽ വിചാരണക്ക് സാധ്യത; കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി

കുപ്രസിദ്ധമായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതിയിൽ ഹാജരായി മുൻ മന്ത്രി ആൻ്റണി രാജു. നെടുമങ്ങാട്‌ ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെയാണ് ഹാജരായത്. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. കേസിൽ പ്രതിയായ ആന്റണിരാജു എംഎൽഎ ഡിസംബർ 20ന്‌ വിചാരണക്കോടതി മുമ്പാകെ ഹാജരാകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്. ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ജസ്‌റ്റിസുമാരായ സി ടി രവികുമാർ, സഞ്‌ജയ്‌ കരോൾ എന്നിവരുടെ ബെഞ്ച്‌ നിർദേശിച്ചിരുന്നു.

എംഎൽഎമാരുടേയും എംപിമാരുടെയും വിചാരണയ്ക്ക് പ്രത്യേക കോടതിയുണ്ട് എന്ന ആൻ്റണി രാജുവിൻ്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കേസ് ഈ മാസം 23ലേക്ക് മാറ്റിയത്. പ്രത്യേക കോടതിയിൽ വിചാരണ ചെയ്യമെന്ന ആവശ്യം ഹർജിയായി സമർപ്പിക്കാനാണ് തീയ്യതി മാറ്റിയിരിക്കുന്നത്. തന്നെ വിചാരണ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് ഹർജി കോടതി തള്ളുകയായിരിന്നു. ഇതിനെ തുടർന്നാണ് കേസിൽ ആദ്യമായി ആൻ്റണി രാജു നേരിട്ട് ഹാജരായിരിക്കുന്നത്.

Also Read: തൊണ്ടിമുതൽ തിരിമറിയിൽ നിർണായക ട്വിസ്റ്റ് !! സുപ്രധാന മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു; ആൻ്റണി രാജു നാളെ പ്രതിക്കൂട്ടിലേക്ക്

1990 ഏപ്രിൽ നാലിന് മയക്കുമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവത്തോറെയെ രക്ഷിക്കാൻ കേസിലെ തൊണ്ടിവസ്തുവായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി എന്ന് കണ്ടെത്തിയാണ് ആൻ്റണി രാജുവിനെ പ്രതിയാക്കിയത്. കോടതിയിലെ തൊണ്ടിമുതലുകൾ കൈകാര്യം ചെയ്‌തിരുന്ന ക്ലാർക്കായിരുന്ന കെഎസ് ജോസാണ് കൂട്ടുപ്രതി. കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതൽ പിന്നീട്‌ പ്രതിയുടെ അപേക്ഷ പ്രകാരം അദ്ദേഹത്തിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജുവിന്‌ തിരിച്ചുകൊടുത്തിരുന്നു. ഇതിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയത്.

സെഷൻസ്‌ കോടതി വിദേശിയായ ആൻഡ്രുവിനെ 10 വർഷം കഠിനതടവിന്‌ ശിക്ഷിച്ചിരുന്നു. എന്നാൽ പ്രതിയുടെ അപ്പീൽ പരിഗണിച്ച കേരളാ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്‌ത്രം ആൻഡ്രുവിന്‌ പാകമുള്ളതല്ലെന്ന്‌ ചൂണ്ടിക്കാണിച്ച കോടതി കൃത്രിമം നടന്നിരിക്കാമെന്നും ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. 2006ൽ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസ് 16 വർഷം വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികൾ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് കാരണമെന്ന് 2022ൽ പുറത്ത് വന്നതോടെ ആണ് കേസിന് വീണ്ടും ജീവൻ വച്ചത്. 34 വർഷത്തിന് ശേഷമാണ് കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top