ഇന്ത്യാ സഖ്യത്തില്‍ അടി തുടങ്ങിയോ; ‘ഇവിഎമ്മി’ല്‍ കോണ്‍ഗ്രസിനെ തള്ളി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോട് (ഇവിഎം) കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇന്ത്യാ സഖ്യം കോണ്‍ഗ്രസിന് പിന്തുണയുമായി നിലകൊള്ളുന്നുമുണ്ട്. എന്നാല്‍ ഇവിഎമ്മിനോട് കോണ്‍ഗ്രസിനുള്ള എതിര്‍പ്പ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തള്ളിക്കളയുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ഇവിഎമ്മിനെ കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും തോൽക്കുമ്പോൾ കുറ്റപ്പെടുത്തുമെന്നും അബ്ദുള്ള പറഞ്ഞു.
സെപ്തംബറിൽ നടന്ന ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷിയായ കോൺഗ്രസുമായി നാഷണൽ കോൺഫറൻസിന് അകല്‍ച്ചയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഒമർ അബ്ദുള്ളയുടെ പരാമർശം.
നൂറിലധികം പാർലമെന്റ് അംഗങ്ങളെ അത് കോണ്‍ഗ്രസിന് ലഭിച്ചത് ഇതേ ഇവിഎം ഉപയോഗിച്ച് തന്നെയാണ്. അത് പാർട്ടിയുടെ വിജയമായി ആഘോഷിച്ച ശേഷം പിന്നീട് ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വോട്ടിംഗ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“സെൻട്രൽ വിസ്ത പോലുള്ള വികസന പദ്ധതികൾക്കുള്ള പിന്തുണ എന്റെ സ്വതന്ത്ര ചിന്തയുടെ ഉദാഹരണമാണ്. ഒരു പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത് ഒരു മികച്ച ആശയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ പാർലമെന്റ് കെട്ടിടം ആവശ്യമാണ്. പഴയത് കാലഹരണപ്പെട്ടതാണ്.” – ഒമർ അബ്ദുള്ള പറഞ്ഞു.
90 അംഗ ജമ്മുകശ്മീര്‍ നിയമസഭയിൽ എൻസിക്ക് 42 സീറ്റും കോൺഗ്രസിന് ആറ് സീറ്റുമാണ് ലഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here