‘മനുഷ്യൻ ഇല്ലാതായാൽ പിൻഗാമിയാവുന്നത് നീരാളികൾ’; ഈ കടൽ ജീവി ലോകം ഭരിക്കുന്ന കാലം വരുമെന്ന് ശാസ്ത്രജ്ഞൻ; കാര്യകാരണങ്ങൾ നിരത്തി വിശദീകരണം

മനുഷ്യന് വംശനാശം സംഭവിച്ചാൽ ലോകം ആര് ഭരിക്കുമെന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയുമായി ശാസ്ത്രജ്ഞൻ. ആ ചോദ്യത്തിന് പ്രമുഖ ജന്തുശാസ്ത്രജ്ഞനും ഓക്സ്ഫോഡ് സർവകലാശാല പ്രഫസറുമായ ടിം കോൾസണിൻ്റെ നിഗമനമാണ് ശാസ്ത്രപ്രേമികൾ ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത്. മനുഷ്യൻ ഇല്ലാതായാൽ നീരാളികൾ ലോകം ഭരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അതിന് വിശദീകരണവും കോൾസൺ നൽകുന്നുണ്ട്.


മനുഷ്യന് വംശനാശം ഉണ്ടായാൽ സസ്തിനികളായ മറ്റേതെങ്കിലും ജീവിവർഗങ്ങളാകും സ്വാഭാവികമായും ഭൂമിയിൽ ആധിപത്യം സ്ഥാപിക്കുക എന്ന അഭിപ്രായങ്ങളെ തള്ളുന്നതാണ് കോൾസണിൻ്റെ പ്രവചനങ്ങൾ. എന്തെങ്കിലും കാരണത്താൽ മനുഷ്യന് വംശനാശം സംഭവിച്ചാൽ അതേ കാരണത്താൽ മറ്റ് സസ്തിനികൾക്കും കുരങ്ങുവർഗങ്ങൾ ഉൾപ്പെടുന്ന പ്രൈമേറ്റുകൾക്കും വംശനാശം സംഭവിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതാണ് നീരാളികളുടെ ആധിപത്യത്തിന് വഴിയൊരുക്കുന്നതെന്നാണ് കോൾസൺ അവകാശപ്പെടുന്നത്.

Also Read: മനുഷ്യരാശിയുടെ നിലനിൽപ്പ് ഭീഷണിയിലെന്ന് ഐഎസ്ആർഒ; കാത്തിരിക്കുന്നത് ദിനോസറുകളുടെ അവസ്ഥയോ


മനുഷ്യൻ ഇല്ലാതായാൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് നീരാളികൾ പരിണമിച്ച് കരയിലേക്ക് കയറും. ഇപ്പോൾ 30 മിനുട്ടോളം കരയിലെ സാഹചര്യങ്ങള്‍ അതിജീവിക്കാനുള്ള ശേഷി നീരാളികൾക്കുണ്ട്. ഭാവിയിൽ കരയിൽ കൂടുതൽ നേരം നിലനിൽക്കാനുള്ള ശ്വസന ഉപകരണങ്ങൾ പരിണാമത്തിന്‍റെ ഭാഗമായി നീരാളികൾ വികസിപ്പിച്ചേക്കാം. കരയിൽ ഇരതേടാനും നീരാളികൾക്ക് ശേഷി കൈവരുമെന്നാണ് ഓക്സ്ഫോഡ് സർവകലാശാല പ്രഫസർ പറയുന്നത്. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും വസ്തുക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ് നീരാളികൾക്കുണ്ട്. വളരെ കൃത്യതയോടെ ശത്രുക്കളിൽ നിന്നുംസ്വയം മറഞ്ഞിരിക്കാനുമുള്ള കഴിവും അവയ്ക്കുണ്ടെന്ന് പ്രഫസർ കോൾസൺ പറയുന്നു.

Also Read: ‘പ്രകൃതിദുരന്തങ്ങളെ തടയുന്ന ഒരേയൊരു ദൈവം’; അവകാശവാദവുമായി തമിഴ്നാട്ടിലെ അന്യഗ്രഹജീവി ക്ഷേത്രം

ബുദ്ധിശക്തിയേറിയതും ഒട്ടേറെ പ്രത്യേകതകളുമുള്ള ജീവിവർഗമാണ് കടൽജീവിയായ നീരാളിയെന്നാണ് പ്രഫസർ കോൾസൺ പറയുന്നത്. അവ ഭൂമിയിലെ ഏറ്റവും മേധാവിത്വമുള്ള ജീവിവർഗമായി പരിണമിച്ചുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ബുദ്ധിശക്തിയും ശേഷിയേറിയ കാലുകളും അനുകൂല ഘടകങ്ങളാണെന്ന് അദ്ദേഹം പറയുന്നു. ദ യൂറോപ്യൻ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്. ‘നീരാളികൾക്ക് വൈദഗ്ധ്യം, ജിജ്ഞാസ, പരസ്പരം ആശയവിനിമയം നടത്താനുള്ള കഴിവ് എന്നീ സവിശേഷമായ പ്രത്യേകളുണ്ട്. ഇത് അവയെ ഭൂമിയിൽ ആധിപത്യം നേടാൻ സാധ്യതയുള്ള ജീവിവർഗങ്ങളിൽ ഏറ്റവും മുന്നിൽ നിർത്തുന്നുണ്ട്’ -ടിം കോൾസൺ പറയുന്നു.

Also Read: ‘ഭൂമിക്ക് പുറത്തും ജീവൻ, അന്യഗ്രഹ ജീവികളെ കണ്ടെത്തി’; വെളിപ്പെടുത്തലുമായി സൈമൺ ഹോളണ്ട്

വെള്ളത്തിനടിയിൽ നീരാളികൾ കോളനികൾ സൃഷ്ടിക്കുമെന്നും മനുഷ്യൻ സൃഷ്ടിച്ചതുപോലെയുള്ള നാഗരികതകൾ രൂപപ്പെടുത്തുമെന്നും ടിം കോൾസൺ പ്രവചിക്കുന്നു. ഇതിനുള്ള ശാരീരിക, മാനസിക ഗുണങ്ങൾ നീരാളിക്കുണ്ട്. അത് അത്യാധുനിക നീരാളി സമൂഹങ്ങൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. നീരാളികളുടെ നാഡീഘടന, വികേന്ദ്രീകൃതമായ നാഡീവ്യവസ്ഥ, പ്രശ്നപരിഹാര ശേഷി എന്നിവ പ്രവചനാതീതമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്നുമാണ് പ്രഫസർ ടിം കോൾസൺ അഭിപ്രായപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top