പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്രം വേട്ടയാടുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശബ്ദം; വിമര്‍ശനവുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥർ

ഡല്‍ഹി : വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ 87 പേരാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ഇടപെടലില്‍ ആശങ്കയറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. യാതൊരു രാഷ്ടീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഭരണഘടനയോടുള്ള പ്രതിബന്ധത കൊണ്ടുമാണ് കത്തയക്കുന്നകതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളേയും വേട്ടയാടാന്‍ ഏജന്‍സികളെ ഉപയോഗിക്കുന്നതിലെ ആശങ്കയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സമയത്തെയാണ് ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നത്. ‘ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് മനഃപൂര്‍വ്വവും രാഷ്ട്രീയ പ്രരിതവുമായ എക്‌സിക്യൂട്ടീവ് നടപടിയാണെന്നാണ് കരുതുന്നത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിലും കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുന്നതിലും ഏജന്‍സികളുടെ മന്ദഗതിയിലുള്ള റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ തന്നെ ഈ കേസുകളിലെ പ്രേരണ മനസിലാക്കാം. അനാവശ്യ ഉത്സാഹം നീതി നടപ്പാക്കാനുള്ള കേവലം ആഗ്രഹത്തിനപ്പുറത്തേക്ക് പ്രചോദനം കൊണ്ടാണെന്ന് സംശയക്കാം’ കത്തില്‍ പറയുന്നു.

കോണ്‍ഗ്രസിനെതിരായ ആദായനികുതി വകുപ്പിന്റെ നടപടികളിലും പ്രതിപക്ഷ നേതാക്കള്‍ക്ക് നോട്ടീസുകള്‍ നല്‍കിയതിലും കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു. അതില്‍ കടുത്ത വിയോജിപ്പും അസ്വസ്ഥതയും കത്തില്‍ വ്യക്തമാക്കിയിട്ടടുണ്ട്. തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിഷേധിക്കുന്ന പ്രതികാര രാഷ്ട്രീയത്തില്‍ കമ്മിഷന്‍ നിശബ്ദരായി ഇരിക്കുന്നത് ശരിയല്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഏപ്രില്‍ 11നാണ് ഇത്തരമൊരു കത്ത് നല്‍കിയിരിക്കുന്നത്.

മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍, യുകെയിലെ മുന്‍ ഹൈക്കമ്മീഷണര്‍ ശിവശങ്കര്‍ മുഖര്‍ജി, പഞ്ചാബ് മുന്‍ ഡയറക്ടര്‍ ജനറല്‍ ജൂലിയോ റിബീറോ, മുന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിജയ ലതാ റെഡ്ഡി, മുന്‍ ആരോഗ്യ സെക്രട്ടറി കെ സുജാത റാവു, കശ്മീര്‍ മുന്‍ ഒഎസ്ഡി എ എസ് ദുലത്ത്, മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള എന്നിവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top