ഇതാ ഒരു വിഐപി വാഹനം ചുവപ്പ് ബോര്‍ഡുമായി വരുന്നു… ‘എക്‌സ് ക്ലാസ് മോണിട്ടര്‍’ !! ഇന്ത്യാ മഹാരാജ്യത്ത് ആര്‍ക്കും എന്തുമാകാം

പ്രതാപത്തിന്റേയും അധികാരത്തിന്റേയും അടയാളമായിട്ടാണ് ചില ‘പ്രാഞ്ചികള്‍’ വാഹനങ്ങളില്‍ ചുവപ്പ് ബോര്‍ഡുമായി സഞ്ചരിക്കുന്നത്. പെട്ടിക്കട മുതല്‍ തരികിട ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ വരെ ബീക്കണ്‍ ലൈറ്റും ചുവപ്പന്‍ ബോര്‍ഡുമായി കറങ്ങുന്നത് നിത്യവും കാണാറുണ്ട്. ‘എക്‌സ് ക്ലാസ് മോണിട്ടര്‍’ (Ex- Class Monitor) എന്ന് ഇംഗ്ലീഷിലും, ‘ഭൂത്പൂര്‍വ് കക്ഷനായക്’ (Bhoothpoorv Kakshanayak) എന്ന് ഹിന്ദിയിലും എഴുതിയ ചുവന്ന ബ്രാസ് ബോര്‍ഡുമായി ഒരു പുതിയ താര്‍ റോക്‌സ് വാഹനം ഓണ്‍ലൈനില്‍ കറങ്ങി നടക്കുകയാണ്. ആള് അല്പംസരസനുമാണ്. ദോഷം പറയരുതല്ലോ പൊലീസ് ഇതുവരെയും കക്ഷിയെ പൊക്കിയിട്ടില്ല. റജിസ്‌ട്രേഷൻ നമ്പർ നോക്കിയാൽ ഡല്‍ഹിയിൽ ഉള്ളതാണ് ഈ വാഹനം.
ഒറ്റനോട്ടത്തില്‍ വണ്ടിയിലെ ബോര്‍ഡ് കണ്ടാല്‍ ഏതോ വിഐപി ആണെന്ന് തോന്നും. വഴിയില്‍ നില്‍ക്കുന്ന പോലീസുകാരന്‍ അറ്റന്‍ഷനായി നിന്ന് വിഐപിക്ക് സല്യൂട്ട് അടിച്ചുപോകും. ബോര്‍ഡിലെ അക്ഷരങ്ങളുടെ വലിപ്പം, സ്‌റ്റൈല്‍ എല്ലാം തന്നെ വിഐപികളുടെ വാഹനങ്ങളില്‍ വയ്ക്കുന്നത് പോലെ തന്നെ. ഏതായാലും എക്‌സ് ക്ലാസ് മോണിട്ടറിന് വേണ്ടി ഓണ്‍ലൈനില്‍ ചേരിതിരിഞ്ഞ് മുട്ടന്‍ പോരാട്ടം നടക്കുകയാണ്.
നമ്മുടെ നാട്ടില്‍ എംഎല്‍എ (MLA ) ബോര്‍ഡിന് സമാനമായി ഹിന്ദിയില്‍ വിധായക് (Vidhayak) എന്നെഴുതാറുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് കക്ഷനായക് എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്ദി എഴുത്ത് കണ്ടാലും പെട്ടെന്ന് ആര്‍ക്കും സംശയം തോന്നില്ല. മുമ്പും ചിലർ ഇത്തരം ‘എക്‌സ് ക്ലാസ് മോണിട്ടര്‍’ ബോര്‍ഡുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ പലരും പറയുന്നത് കാണാം.
സ്വകാര്യ വാഹങ്ങളില്‍ പോലും ചുവന്ന ബോര്‍ഡ് വെച്ച് ചുറ്റിയടിക്കുന്ന വിഐപി പ്രാഞ്ചികളുടെ നാടാണ് ഇന്ത്യയും കേരളവും. സ്വാമി ഹിമവൽ ഭദ്രാനന്ദ എന്നും തോക്ക് സ്വാമി എന്നുമൊക്കെ അറിയപ്പെടുന്ന ഒരു മാന്യൻ മുമ്പ് കുറേക്കാലം ബീക്കണ്‍ ലൈറ്റ് വെച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം ചുറ്റിയടിച്ചത് മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here