ഹൈക്കോടതി മുൻ ജഡ്ജിയിൽ നിന്ന് രണ്ടര കോടി തട്ടി; കബളിപ്പിച്ചത് ഇലക്ടറൽ ബോണ്ട് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത്
ഹൈദരാബാദ്: ഇലക്ടറൽ ബോണ്ട് വാങ്ങി നൽകാമെന്ന വ്യാജേന ഹൈക്കോടതി മുൻ ജഡ്ജിയിൽ നിന്ന് രണ്ടര കോടി രൂപ തട്ടിയതായി പരാതി. ബിജെപിയ്ക്ക് നൽകാനായി ഇലക്ടറൽ ബോണ്ട് വാങ്ങാമെന്ന് വിശ്വസിപ്പിച്ചാണ് ജസ്റ്റിസ് ഡിഎസ്ആർ വർമ്മയിൽ നിന്ന് രണ്ടുപേർ പണം തട്ടിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് ജസ്റ്റിസ് വർമ്മ പോലീസിൽ പരാതി നൽകിയത്. നരേന്ദ്രൻ, ശരത് റെഡ്‌ഡി എന്നിവരാണ് 2021ൽ ഇലക്ടറൽ ബോണ്ട് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വർമ്മയിൽ നിന്ന് പണം കൈപ്പറ്റിയത്. പല ഘട്ടങ്ങളിലായാണ് രണ്ടര കോടി രൂപ ഇവർ തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ദിവസം ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് ഇറക്കിയിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വർമ്മ പരാതി നൽകിയത്. പണം വാങ്ങിയവർ മറ്റാവശ്യങ്ങൾക്ക് അത് ദുരുപയോഗം ചെയ്തു കാണുമെന്നും പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ഇലക്ടറൽ ബോണ്ട് ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കേന്ദ്രം കൊണ്ടുവന്ന സംവിധാനമാണ് ഇലക്ടറൽ ബോണ്ട്. എസ്ബിഐ ആണ് ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുന്നവരുടെ വിവരം പുറത്തുവിടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകാൻ കോടതി എസ്ബിഐക്ക് നിർദേശം നൽകി. മാർച്ച് 31നകം വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോടും കോടതി പറഞ്ഞിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here