വിവാഹത്തിന്റെ പേരിൽ വിവേചനം പാടില്ല, മിലിറ്ററി നഴ്സിനെ പിരിച്ചുവിട്ട നടപടി തെറ്റ്; 60 ലക്ഷം നഷ്ടപരിഹാരം നൽകണം
ഡൽഹി: വിവാഹം ചെയ്‌തെന്ന കാരണം കൊണ്ട് മിലിട്ടറി നഴ്സിംഗ് സർവിസിൽ നിന്ന് പിരിച്ചുവിട്ട വനിത നഴ്സിന് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. അറുപതു ലക്ഷം നൽകാനാണ് ഉത്തരവ്. വിവാഹശേഷം ജോലി നഷ്ടമാകുന്നത് സ്ത്രീകൾക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നത് ലിംഗവിവേചനവും അസമത്വവുമാണെന്ന് കോടതി നിരീക്ഷിച്ചു. നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദിപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആർമി ഹോസ്പിറ്റലിലെ ലെഫ്റ്റനെന്റ് സെലീന ജോണിനെയാണ് വിവാഹം ചെയ്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ട്രെയ്നിയായി ജോലിയിൽ ചേർന്ന സെലീന പിന്നീട് ആർമി ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുകയായിരുന്നു. മിലിറ്ററി നഴ്സിംഗ് സർവീസിന്റെ മാനദണ്ഡങ്ങൾ പ്രകാരം വിവാഹ ശേഷം സ്ത്രീകൾക്ക് ജോലിയിൽ തുടരാൻ സാധിക്കില്ലെന്ന് കാണിച്ചാണ് പിരിച്ചുവിട്ടത്. മുന്നറിയിപ്പൊന്നും നൽകാതെയും തന്റെ ഭാഗം കേൾക്കാതെയുമായിരുന്നു നടപടിയെന്ന് സെലീന കോടതിയില്‍ പറഞ്ഞു.
1977ലെ ആർമി ഇൻസ്ട്രക്ഷൻ നമ്പർ 61ല്‍ ഇത്തരമൊരു നിയമം ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ലക്നൗ ആംഡ് ഫോഴ്സ് ട്രിബ്യുണലിലാണ് ആദ്യം പരാതി എത്തിയത്. സർവീസിൽ തിരിച്ചെടുക്കണമെന്നും കുടിശ്ശികയുള്ള ശമ്പളവും ആനുകൂല്യവും നൽകണമെന്നും ട്രിബ്യുണൽ ഉത്തരവും ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ട്രിബ്യുണൽ വിധി ശരിവയ്ക്കുകയായിരുന്നു. എന്നാൽ പരാതിക്കാരി നിലവിൽ ഒരു സ്വകാര്യആശുപത്രിയിൽ ജോലി ചെയ്യുന്നതിനാലാണ് നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചത്. എട്ട് ആഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here