കെവി തോമസിന് നാണമില്ലെങ്കിലും ബാലഗോപാലിന് അതുവേണം; വന്നുകയറുന്നവനെ പട്ടും മോതിരവും അണിയിക്കരുതെന്ന് സെബാസ്റ്റ്യൻ പോൾ

ആശമാർ സമരം നടത്തുമ്പോൾ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് വാരിക്കോരി കൊടുക്കുന്നതിന് കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഇടത് സഹയാത്രികനും മുൻ എംപിയുമായ ഡോ സെബാസ്റ്റ്യൻ പോൾ. മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലാതെയും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും പണം എടുത്തു കൊടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് സൗത്ത് ലൈവ് ഓൺലൈൻ ന്യൂസ് പോർട്ടലിൽ ‘ട്രഷറി തുറന്നിട്ട് തോമസിൻെറ പുഴുക്ക്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നു.
ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ സംസ്ഥാനത്തിൻ്റെ പ്രതിനിധിയായ കെ വി തോമസിന് കഴിഞ്ഞമാസം യാത്രാ അലവൻസ് 11 ലക്ഷമായി വർദ്ധിപ്പിച്ചു നൽകിയത് വിവാദമായിരുന്നു. പ്രതിമാസം ഓണറേറിയമായി ഒരുലക്ഷം രൂപ മുൻപേ നൽകുന്നുണ്ട്. ഇതിനും പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. തോമസിന് ഇത്രയേറെ പണം നൽകുന്നതിൽ മുൻമന്ത്രി ജി സുധാകരനും വിമർശനം ഉന്നയിച്ചിരുന്നു.
“എറണാകുളം മണ്ഡലത്തിൽ അഞ്ചു തവണ സിപിഎമ്മിനെ പരാജയപ്പെടുത്തി നാണംകെടുത്തിയ ആളാണ് കെ വി തോമസ്. മൂന്നുതവണ സിപിഎമ്മിന് ഈ സീറ്റ് അഭിമാനകരമായി നേടിക്കൊടുത്തയാളാണ് ഞാൻ. പാർട്ടിക്ക് ലെവി കൊടുക്കുകയും ഔദ്യോഗിക വസതിയിൽ പാതി പാർട്ടിക്ക് നൽകുകയും ചെയ്തു. പാർട്ടിക്കുവേണ്ടി എഴുത്തിലും പ്രസംഗത്തിലും പ്രചാരവേല ചെയ്യുകയെന്ന ദൗത്യവും എനിക്കുണ്ട്. എന്നിട്ടും എൻ്റെ ക്ഷേമത്തിൽ താത്പര്യം കാണിക്കാത്ത പാർട്ടി, എതിർപാളയത്ത് നിന്നെത്തിയ തോമസ് എന്ന സാധുവിനോട് കാണിക്കുന്ന ഭൂതദയ അനിതരസാധാരണമാണ്. സ്കൂളിൽ പഠിക്കുമ്പോൾ ‘Poor Thomas’ എന്ന പാഠം പഠിച്ചതോർക്കുന്നു” എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പ്രവർത്തകരുടെ ത്യാഗവും സമർപ്പണവും മറന്നിട്ട് തോമസിനെ പോലെയുള്ള പുത്തൻകൂറ്റുകാർ സിപിഎമ്മിലേക്ക് കടന്നുവരുന്നതിൻ്റെ അപകടവും സെബാസ്റ്റ്യൻ പോൾ തുറന്നു കാണിക്കുന്നുണ്ട്. ‘വാങ്ങുന്നയാൾക്ക് നാണമില്ലെങ്കിൽ കൊടുക്കുന്നയാൾക്ക് എങ്കിലും അതുണ്ടാകണം’. കെ വി തോമസിനെ ലോക് സഭയിലേക്ക് ജയിപ്പിച്ചു വിടാനാണ് പണ്ടൊരിക്കൽ തന്നെ മാറ്റി, സിന്ധു ജോയിയെ തോമസിനെതിരെ നിർത്തിയതെന്നും, അതിന് പിന്നിൽ ചില സഖാക്കളുടെ താൽപര്യം ഉണ്ടായിരുന്നു എന്നുമുള്ള ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു.
“2009ൽ ഞാൻ ജയിക്കുമെന്ന് ഉറപ്പായിരിക്കെ എന്നെ ഒഴിവാക്കി സിന്ധു ജോയിയെ കൊണ്ടുവന്ന് കെ വി തോമസിൻെറ വിജയം ഉറപ്പാക്കിക്കൊടുത്ത സഖാക്കൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. കെ വി തോമസ് അവരുടെ പ്രിയപ്പെട്ട തോമസ് മാഷാണ്. ഇവരെയൊക്കെ എവിടെ എന്താണ് ഈ മാഷ് പഠിപ്പിച്ചത് എന്നറിയില്ല… തോമസിനോട് കുശുമ്പുകൊണ്ടല്ല ഇതെല്ലാം പറയുന്നത്. ആയിരക്കണക്കിന് സഖാക്കൾ ജീവൻ ത്യജിച്ചും രക്തമൊഴുക്കിയും നേടിയ അധികാരത്തിൻെറ പങ്ക് അനർഹർ കാംക്ഷിക്കരുത്. സർക്കാരിൻറേതായ ഒരു പദവിയും ഞാൻ സ്വീകരിക്കാത്തത് ഇക്കാരണത്താലാണ്. നഷ്ടപ്പെടുന്നത് ഒരു ഇന്നോവ കാറും കുറേ ലക്ഷങ്ങളും. നേടാനും നിലനിർത്താനും ഉള്ളത് വിലമതിക്കാനാവാത്ത ആത്മഗൗരവം. ആർക്കും കുറവ് വരുത്താൻ കഴിയാത്ത വിധം അതെനിക്ക് സമൃദ്ധമായുണ്ട് -എന്ന പരിഹാസത്തോടെയാണ് സെബാസ്റ്റ്യൻ പോൾ ലേഖനം അവസാനിപ്പിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെയും സ്വന്തം പാർട്ടിക്കാരനേയും തേജോവധം ചെയ്യാൻ എന്ത് കളിയും കളിക്കാൻ മടിയില്ലാത്ത രാഷ്ടീയക്കാരനാണ് കെ വി തോമസ് എന്ന് സെബാസ്റ്റ്യൻ പോൾ തൻ്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അധികാരത്തിന് വേണ്ടി എന്ത് നികൃഷ്ട പ്രവർത്തിയും ചെയ്യാൻ ഈ മാഷിന് മടിയില്ലായിരുന്നു. സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥികളെ കാലുവാരി തറയിലടിക്കുന്നത് അദ്ദേഹത്തിന് ഒരുതരം ഹരമാണെന്നൊക്കെ ഡോ സെബാസ്റ്റ്യൻ പോൾ ‘എൻ്റെ കാലം എൻ്റെ ലോകം’ എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here