പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് മതകോടതിയുടെ ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ; അകാൽ തഖ്ത് നടപടി നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്ന്

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ സുഖ്ബീർ സിംഗ് ബാദലിന് ടോയ്‌ലറ്റ് ക്ലീനിംഗ് ശിക്ഷ വിധിച്ച് സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത്. അമൃത്‌സറിലെ സുവർണ ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ഗുരുദ്വാരകളിലെ അടുക്കളകളും കുളിമുറികളും വൃത്തിയാക്കാനുള്ള ശിക്ഷയാണ് നൽകിയിരിക്കുന്നത്. രണ്ടുദിവസം കഴുത്തില്‍ പ്ലക്കാര്‍ഡ് ധരിച്ച്, കൈയില്‍ കുന്തം പിടിച്ച് ഗുരുദ്വാരക്ക് കാവല്‍ നില്‍ക്കണമെന്നതും ശിക്ഷാ നടപടികളില്‍ ഉള്‍പ്പെടുന്നു. ദൈവമായി കണക്കാക്കുന്ന ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുൾപ്പെടെയുള്ള 107 ബലിദാനകേസുകളിൽ പ്രതിയായ ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീം സിംഗിനെ സംരക്ഷിച്ചു എന്നതാണ് കുറ്റം. 2015 ഒക്ടോബറിൽ റാം റഹീമിനെതിരെ പ്രതിഷേധിച്ച സിഖുകാർക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേർ മരിച്ചിരുന്നു.
സുഖ്ബീർ സിംഗ് ബാദലിൻ്റെ പിതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദലിന് 2011ൽ നൽകിയ ഫഖ്ർ ഇ ക്വാം (സിഖ് സമൂഹത്തിൻ്റെ അഭിമാനം) ബഹുമതിയും എടുത്തുകളഞ്ഞു. സിഖ് സമൂഹത്തിന് നൽകിയ സേവനങ്ങൾ മാനിച്ചായിരുന്നു ഈ അംഗീകാരം നൽകിയിരുന്നത്. സുഖ്ബീർ ബാദലിനൊപ്പം 2015ൽ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദൾ നേതാക്കള്‍ക്കും മറ്റ് പാർട്ടി കോർ കമ്മറ്റി അംഗങ്ങൾക്കും ഇതേ ശിക്ഷ തന്നെ വിധിച്ചിട്ടുണ്ട്.
ഡിസംബർ മൂന്നിന് മുമ്പ് മതകോടതി വിധി അനുസരിക്കാനാണ് ഉത്തരവ്. തൻ്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് ബാദൽ അകാൽ തഖ്തിനോട് നിരുപാധികം ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് ശിക്ഷ. അകാൽ തഖ്ത് മേധാവി ജതേദാർ ഗിയാനി രഘുബീർ സിംഗ് ഉൾപ്പെടെ സിഖുകാരുടെ അഞ്ച് പ്രധാന പുരോഹിതന്മാർ ചേർന്നാണ് ശിക്ഷ വിധിച്ചത്. സിഖ് സമൂഹത്തിന്‍റെ മതപരമായ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2007 മുതൽ 2017 വരെ പഞ്ചാബിൽ അധികാരത്തിലിരുന്നപ്പോൾ പാർട്ടി ചെയ്ത തെറ്റുകൾക്ക് ബാദൽ തെറ്റുകാരനാണെന്ന് അകാൽ തഖ്ത് കണ്ടെത്തിയിരുന്നു. പഞ്ചാബിൻ്റെ ചില ഭാഗങ്ങളിൽ ദേര സച്ചാ സൗദ അനുയായികളും സിഖുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിന് കാരണമായ ആൾ ദൈവം ഗുർമീത് റാം റഹീമിന് മാപ്പ് നൽകിയതും ഇതിൽ ഉൾപ്പെടുന്നു. 2007ൽ ഗുർമീത് റാം റഹീം പത്താമത്തെയും അവസാനത്തേയും സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിൻ്റെ വസ്ത്രങ്ങളോട് സാമ്യമുള്ള വേഷവിധാനങ്ങൾ ധരിച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് അകാൽ തഖ്ത് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.
സംഭവത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഗുർമീത് റാം റഹീം, അകാൽ തഖ്തിനെ സമീപിച്ചിരുന്നു. എന്നാൽ മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. ഗുർമീത് റാം റഹീമിനെ സിഖ് മതത്തിൽ നിന്നും പുറത്താക്കിയതായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സുഖ്ബീർ സിംഗ് ബാദൽ തൻ്റെ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തിന് മാപ്പു നൽകിയെന്നും സംരക്ഷിച്ചെന്നുമാണ് മതകോടതിയുടെ ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here