വീണ വിജയനെയും ഇഡി നോട്ടമിടുന്നു? കള്ളപ്പണം വെളുപ്പിക്കല്‍ തെളിഞ്ഞാല്‍ കേസ് എത്തുക ഇഡിയിലേക്ക്

കൊച്ചി: വീണ വിജയന്‍റെ കമ്പനി എക്സാലോജിക് സിഎംആർഎൽ എന്ന കമ്പനിയില്‍ നിന്നും 1.72 കോടി കൈപ്പറ്റിയതിലെ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് നീങ്ങിയേക്കും. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കണ്ടെത്തിയാല്‍ തുടര്‍ന്ന് അന്വേഷിക്കുക സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്എഫ്ഐഒ). ഓഫീസാകും.
എസ്എഫ്ഐഒ പ്രോസിക്യൂഷൻ കംപ്ലെയിന്റ് ഫയല്‍ ചെയ്‌താല്‍ ഇഡിക്ക് കേസെടുക്കാന്‍ കഴിയും. കോർപ്പറേറ്റ്‌കാര്യ മന്ത്രാലയത്തിന്റെ കീഴിൽതന്നെയാണ് എസ്എഫ്ഐഒ തുടരുന്നത്. കമ്പനി നിയമം, ഫൊറൻസിക് ഓഡിറ്റിങ്, ഐ.ടി., നികുതി തുടങ്ങിയ മേഖലകളിൽ വിദഗ്ധരായവരാണ് ഈ ഏജൻസിയിലുള്ളത്.
ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയത് പുറത്ത് വന്നതോടെ വന്‍ രാഷ്ട്രീയ വിവാദങ്ങളാണ് ആരംഭിച്ചത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡാണ് കണ്ടെത്തിയത്. ഇത് പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.
വീണ വിജയന് എതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം വിലയിരുത്തല്‍. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് പുറത്ത് വന്നപ്പോള്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് പുതിയ സാഹചര്യത്തിലും തുടരാനാണ് സിപിഎം തീരുമാനം. വീണ വിജയനെയല്ല മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയുമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം വിലയിരുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here