മാസപ്പടി കേസില്‍ ഇഡിയുടെ നിര്‍ണായക നീക്കം; സിഎംആര്‍എല്‍ എംഡിയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു; എത്തിയത് കൊച്ചിയിലുള്ള രണ്ട് യൂണിറ്റുകള്‍

കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇഡിയുടെ കൊച്ചിയിലുള്ള രണ്ട് യൂണിറ്റാണ് ചോദ്യം ചെയ്യാനെത്തിയത്. രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ത്തയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കര്‍ത്ത ഹാജരായിരുന്നില്ല.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം എത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യത്തെ നോട്ടീസിന് കര്‍ത്ത മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഇന്നലത്തെ നോട്ടീസിന് കര്‍ത്ത മറുപടി പറഞ്ഞിരുന്നില്ല. ചോദ്യം ചെയ്യലിന് ഒഴിവാക്കണം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കര്‍ത്തയുടെ നീക്കം.

ചോദ്യം ചെയ്യലില്‍ നിന്നും ഒഴിവാകാന്‍ ഇന്നലെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും കര്‍ത്ത നല്‍കിയിരുന്നു. സിഎംആർഎൽ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്. ഇതെല്ലാം കണക്കാക്കിയാണ് ഇന്ന് കര്‍ത്തയുടെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. അതിവേഗമുള്ള നീക്കമാണ് ഇഡിയുടെ ഭാഗത്തുനിന്നും വന്നിട്ടുള്ളത്.

എക്സാലോജികുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സിഎംആര്‍എല്‍ രഹസ്യമായി സൂക്ഷിക്കുന്നു എന്നാണ് ഇഡി ആരോപണം. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകള്‍ കൈമാറാന്‍ സിഎംആര്‍എല്‍ തയ്യാറായില്ല. തുടര്‍ന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി തടഞ്ഞുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദായനികുതിവകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോര്‍ഡ് പരിഹരിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതുകൊണ്ടാണ് എംഡിയായ കര്‍ത്തയെ തന്നെ ചോദ്യം ചെയ്യാന്‍ ഇഡി എത്തിയത്. എക്സാലോജിക്കിനു സിഎംആർഎലിൽ‌നിന്ന് 1.72 കോടി ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ വെളിപ്പെടുത്തലാണു നിലവിലെ കേസിലേക്കു നയിച്ചിരിക്കുന്നത്.

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആദായനികുതി ഇൻറിം സെറ്റിൽമെന്റ് ബോര്‍ഡ് കണ്ടെത്തൽ. കെ.കെ ( കുഞ്ഞാലിക്കുട്ടി), എ.ജി ( എ ഗോവിന്ദന്‍), ഒ.സി ( ഉമ്മന്‍ ചാണ്ടി), പി.വി ( പിണറായി വിജയന്‍), ഐ.കെ( ഇബ്രാഹിം കുഞ്ഞ്), ആര്‍.സി (രമേശ് ചെന്നിത്തല) എന്നിവരുടെ പേരുകളാണ് അതിലുള്‍പ്പെട്ടിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top