ലഹരി കടത്തുസംഘത്തിന് ശിക്ഷയുറപ്പാക്കി എക്സൈസ്; മൂന്നു പ്രതികൾക്ക് 28 വര്‍ഷം വീതം കഠിന തടവ്
തലസ്ഥാന നഗരത്തിലെത്തിച്ച് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ ആറുകിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിൽ പ്രതികൾക്ക് 28 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ പിഴയും. 2018 സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ മാലി ദ്വീപുകാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ലഹരി പിടികൂടിയത്. അറസ്റ്റിൽ കൃത്രിമം കാട്ടിയെന്ന് കോടതിയിൽ ഉന്നയിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ അടക്കം ഹാജരാക്കി പ്രതികളുടെ വാദങ്ങൾ പ്രോസിക്യൂഷൻ പൊളിച്ചത് ശ്രദ്ധേയമായി.
തമിഴ്‌നാട് തൂത്തുകുടി സ്വദേശി ആന്റണി റോസാരി റൊണാള്‍ഡോ, ഇടുക്കി പാണ്ടിപ്പാറ സ്വദേശി ബിനോയ് തോമസ്, ഇടുക്കി തങ്കമണി സ്വദേശി റ്റിഎന്‍ ഗോപി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെപി അനില്‍കുമാര്‍ ശിക്ഷിച്ചത്. തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ആയിരുന്ന ടി.അനികുമാറിൻ്റെ (റിട്ട. അസി. എക്സൈസ് കമ്മീഷണര്‍) നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ലഹരി സഹിതം പിടികൂടിയത്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയതും എക്‌സൈസ് മികവാണ്.
തിരുവനന്തപുരം അട്ടക്കുളങ്ങര ബൈപാസ് റോഡില്‍ കല്യാണ്‍ സില്‍ക്‌സിൻ്റെ പാര്‍ക്കിംഗ് ഏരിയയുടെ എതിര്‍വശത്ത് നിന്നാണ് മാലി ദ്വീപുകാര്‍ക്ക് വില്‍പ്പന നടത്തുന്നതിനിടെ പ്രതികള്‍ എക്സൈസ് വലയിലായത്. ആറു കിലോ ഹാഷിഷ് ഓയിലാണ് കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും ഹാജരാക്കി. പ്രതികളെ കട്ടപ്പനയില്‍ നിന്ന് അനധികൃതമായി അറസ്റ്റ് ചെയ്ത് കേസില്‍ ഉള്‍പ്പെടുത്തിയതാണെന്ന പ്രതിഭാഗത്തിൻ്റെ വാദമാണ് തെളിവുസഹിതം പ്രോസിക്യൂഷന്‍ പൊളിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here