സ്പിരിറ്റ്, ലഹരി… തൃശൂരിലെ മാഫിയകളെ വിറപ്പിച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ വീക്കെന്റ്ഡ് റെയ്ഡുകള്‍; അഞ്ചുപേര്‍ പിടിയില്‍

തൃശൂര്‍ : രണ്ടുകേസുകളിലായി തൃശൂരിൽ വൻ ലഹരിവേട്ട. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പരിശോധനയിൽ ഒറ്റദിവസം രണ്ട് സംഘങ്ങളാണ് കുടുങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്ന് സ്പിരിറ്റ് കടത്തിയ രണ്ടുപേരും, ബംഗലൂരുവില്‍ നിന്ന് രാസലഹരി എത്തിച്ച മൂന്നുപേരുമാണ് പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സംഘങ്ങളെയും വലയിലാക്കിയത്. വർഷങ്ങളായി കേരളത്തിൽ ഏറ്റവുമധികം ലഹരിക്കേസുകൾ പിടികൂടുന്ന സംഘമാണ് അസിസ്റ്റൻ്റ് കമ്മിഷണർ ടി.അനികുമാറിൻ്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ്.

ബംഗലൂരുവില്‍ നിന്നും രാസലഹരിയുമായെത്തിയ സംഘത്തെ സാഹസികമായാണ് എക്‌സൈസ് പിടികൂടിയത്. KL 63 H 7924 എന്ന നമ്പറിലുള്ള ഇന്നോവ കാറില്‍ മെത്താംഫിറ്റാമിന്‍ ഇനത്തില്‍പ്പെട്ട രാസലഹരിയുമായെത്തിയ സംഘം കുതിരാന്‍ ഭാഗത്ത് വെച്ച് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മുന്നില്‍പ്പെടുകയായിരുന്നു. എക്‌സൈസിനെ കണ്ട സംഘം വാഹനം വെട്ടിത്തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ 30 കിലോമീറ്ററോളം പിന്‍തുടര്‍ന്ന് പഴയന്നൂര്‍ റേഞ്ചിലെ പ്ലാഴി ഭാഗത്ത് വെച്ച് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. പഴയന്നൂര്‍ റേഞ്ച് സംഘത്തിന്റേയും തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റേയും സഹായത്തോടെ വാഹനം തടഞ്ഞ് പിടികൂടിയ പ്രതികളിൽ നിന്ന് മാരക രാസലഹരിയായ മെത്താംഫിറ്റമിന്‍ 100 ഗ്രാമാണ് കണ്ടെടുത്തത്. ജാമ്യം കിട്ടാത്ത തോതിലുള്ള കമേഴ്സ്യൽ അളവായാണ് ഇത് കണക്കാക്കുന്നത്. ആലുവ സ്വദേശികളായ നിധിന്‍, വിഷ്ണു, ഷാഫി എന്നിവരെ അറസ്റ്റ് ചെയ്തതു. ഇവരില്‍ നിന്നും മാരക മയക്കുമരുന്നായ 100 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തു.

ഇളനീർ കയറ്റിയ ലോറിയിൽ എത്തിച്ച സ്പിരിറ്റ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പാലിയക്കരയില്‍ നിന്നാണ് പിടികൂടിയത്. 1750 ലിറ്റര്‍ സ്പിരിറ്റാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ ഒറ്റ റെയ്ഡില്‍ മാത്രം പിടികൂടിയത്. പൊള്ളാച്ചിയില്‍ നിന്നും വന്ന KL 25 L 3989 എന്ന നമ്പറുള്ള മിനി ലോറിയിലാണ് 35 ലിറ്ററിന്റെ 50 കന്നാസുകളിലായി സ്പിരിറ്റ് കടത്തിയത്. വാഹനത്തിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീകൃഷ്ണന്‍, തമിഴ്‌നാട് സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്. തൃശ്ശൂര്‍ ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ഷാനവാസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ വിലയിരുത്തി.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു രണ്ട് കേസുകളും പിടികൂടിയത്. സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍.മുകേഷ് കുമാര്‍, എസ്.മധുസൂദനന്‍ നായര്‍,കെ.വി.വിനോദ്,ആര്‍.ജി.രാജേഷ്, പ്രിവന്റ്റീവ് ഓഫീസര്‍ എസ്.ജി.സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എം.അരുണ്‍കുമാര്‍ , മുഹമ്മദലി, ബസന്ത്കുമാര്‍, രജിത്ത് ആര്‍.നായര്‍, സുബിന്‍, വിശാഖ്, ടോമി എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോദ് ഖാന്‍ സേട്ട് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top