കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്ത് ഒരിടം; പത്ത് ക്യാബിനുകളൊരുക്കി കപ്പിള്‍സ് കഫെ; രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാനും ചോക്ലേറ്റ് ഷെയ്ക്ക് കഴിക്കാനും ചിലവ് 300 രൂപ
തിരുവനന്തപുരം: വെയിലും മഴയുമേൽക്കാതെ കമിതാക്കള്‍ക്ക് സ്വകാര്യമായി ഒന്നിച്ചിരിക്കാൻ തലസ്ഥാനത്തൊരിടം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് പത്ത് കിലോമീറ്റർ അപ്പുറത്ത് പ്രാവച്ചമ്പലത്താണ് കപ്പിള്‍സ് കഫെ എന്ന പേരിൽ തികച്ചും എക്സ്ക്ലൂസീവായി ഇങ്ങനെയൊരു കേന്ദ്രം വരുന്നത്. പേരുപോലെ കമിതാക്കള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാനും ഓരോ ചോക്ലേറ്റ് ഷെയ്ക്ക് ആസ്വദിച്ച് കഴിക്കാനും 300 രൂപ മാത്രമാണ് ചിലവ്.
പഴയ ഇൻ്റർനെറ്റ് കഫേകളുടെ മാതൃകയിൽ ക്യാബിനുകളാക്കി തിരിച്ചാണ് സജ്ജീകരണം. ഒരു ചെറുമേശയും ബഞ്ചുമാണ് ഓരോന്നിലും ഉള്ളത്. ഇത്തരം പത്ത് ക്യാബിനുകളാണ് ഇവിടെയുള്ളത്. കഫേ എന്നാണ് പേരെങ്കിലും കഴിക്കാനായി രണ്ടിനം ഷെയ്ക്കുകൾ മാത്രമാണ് തൽക്കാലം ഉണ്ടാകുക. ഇതും കഴിച്ചിരിക്കുമ്പോൾ സമയം കടന്നുപോയാലും പ്രശ്നമില്ല. ഫീസ് അതിന് അനുസരിച്ച് നൽകിയാൽ മതിയാകും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെയാണ് സാധാരണ പ്രവർത്തന സമയം. അതിന് ശേഷവും ഇരിക്കണമെന്നുള്ളവർക്ക് രാത്രി പത്തുവരെ പ്രത്യേക നിരക്കിൽ അതിനും സൗകര്യം നൽകും. ഫോണിൽ വിളിച്ചാൽ മുൻകൂട്ടി ബുക്കുചെയ്യാനും സൌകര്യമുണ്ട്.
പ്രാവച്ചമ്പലം സ്വദേശിയായ വിപിൻ മോഹനാണ് സംരംഭത്തിന് പിന്നിൽ. തൻ്റെ വീടിൻ്റെ മുകൾനിലയിൽ തന്നെയാണ് വേറിട്ട ബിസിനസ് ഒരുക്കുന്നത്. മുൻ മാതൃകകളൊന്നുമില്ല, പ്രവാസിയായിരുന്ന തനിക്ക് മുമ്പ് പ്രണയിനി ഉണ്ടായിരിക്കെ സ്വകാര്യത വളരെയേറെ ആഗ്രഹിച്ചിരുന്നു. അന്നതിന് വഴിയുണ്ടായില്ല. ഇത്തരം അനുഭവങ്ങൾ മനസിൽ വച്ചാണ് പുതിയ ബിസിനസ് പ്ലാൻ ഒരുക്കിയതെന്ന് വിപിൻ മോഹൻ പറയുന്നു. നിലവില്‍ പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് കഫെയില്‍ പ്രവേശനം അനുവദിക്കുക.