ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്തിന്റെ സൂചന; എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയോ

എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതുപോലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ? ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകളാണ് ഫലങ്ങള്‍ ബിജെപിക്ക് പ്രവചിക്കുന്നത്. യുഡിഎഫ് വിജയത്തിന് തുടര്‍ച്ചയുണ്ടാകും. ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി ലഭിക്കും എന്നാണ് ദേശീയ തലത്തില്‍ നടന്ന മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത്. ഇടതുമുന്നണിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപിസി വോട്ടര്‍ സര്‍വേ പറഞ്ഞത്.

യുഡിഎഫിന് 16 മുതല്‍ 18 വരെ സീറ്റുകള്‍. ഇടതുമുന്നണിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍. എന്‍ഡിഎക്ക് കേരളത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍. എന്നിങ്ങനെയാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ യുഡിഎഫ് 41%, എല്‍ഡിഎഫ് 29% ശതമാനം, എന്‍ഡിഎ 27% ശതമാനം നേടുമെന്നും എക്സിറ്റ് ഫലങ്ങള്‍ പറയുന്നു.

എല്‍ഡിഎഫ്-എന്‍ഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനമാണ് എന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങളിലെ പ്രത്യേകത. മൂന്ന് സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കപ്പെടുന്നത്. തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍. കൂടുതല്‍ സാധ്യത തൃശൂരില്‍ സുരേഷ് ഗോപിക്കാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നാലും ഇടതുമുന്നണിയും എന്‍ഡിഎയും തമ്മില്‍ വെറും രണ്ട് ശതമാനം മാത്രം വോട്ട് വ്യത്യാസം വന്നാലും കേരള രാഷ്ട്രീയം മാറുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടും.

തൃശൂരില്‍ 415089 വോട്ടാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍ നേടിയത്. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നേടിയത് 293822 വോട്ടും. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി പരാജയപ്പെട്ടത്. പത്ത് ശതമാനത്തിലേറെ വോട്ട് വ്യത്യാസം ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലുണ്ട്. ഈ വ്യത്യാസം പരിഹരിക്കാന്‍ കഴിയുമെന്നും പ്രതാപന് പകരം ഇക്കുറി മത്സരിച്ച കെ.മുരളീധരനെക്കാള്‍ വോട്ടുകള്‍ നേടാന്‍ കഴിയുമെന്നുമാണ് ബിജെപി പ്രതീക്ഷ. കഴിഞ്ഞ തവണ രാജാജി മാത്യു ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായപ്പോള്‍ഇത്തവണ വി.എസ്.സുനില്‍ കുമാറിനെയാണ് മത്സരിപ്പിച്ചത്.

മോദി നേരിട്ട് വന്ന് പ്രചരണം നടത്തിയ തൃശൂര്‍ സീറ്റില്‍ തുടക്കം മുതല്‍ അമിത പ്രതീക്ഷയാണ് ബിജെപി പുലര്‍ത്തിയത്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും മികച്ച പ്രചാരണം ബിജെപി നടത്തിയിരുന്നെങ്കിലും അങ്ങനെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിരുന്നില്ല. പക്ഷെ എക്സിറ്റ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്ന, തൃശൂര്‍ കൂടാതെയുള്ള രണ്ട് സീറ്റുകള്‍ തിരുവനന്തപുരവും ആറ്റിങ്ങലുമാണ്. ഈ മൂന്നു മണ്ഡലങ്ങളിലും സിപിഎം പിന്നില്‍ പോയാല്‍ വലിയ പൊട്ടിത്തെറിയാകും പാര്‍ട്ടിയില്‍ ഉണ്ടാകുക. എക്സിറ്റ്പോള്‍ ഫലങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top