പ്രവചനങ്ങൾ പൊളിയുമ്പോൾ; വിശ്വാസ്യത നഷ്ടപ്പെടുന്ന എക്സിറ്റ് പോളുകൾ; 2024ൽ മാത്രം രണ്ടാം തവണ

എക്സിറ്റ് പോളുകളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്ത് ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. 2024 ൽ രണ്ടാം തവണയാണ് എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അന്തിമഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് പ്രവചനങ്ങൾക്ക് ലഭിച്ചത്. ബിജെപി മുന്നൂറിനും നാനൂറിനും ഇടയിൽ സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പറഞ്ഞിരുന്നത്. ഭൂരിഭാഗവും 350 ന് മുകളിൽ സീറ്റുകൾ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 240 സീറ്റായി ചുരുങ്ങി. കേവല ഭൂരിപക്ഷത്തേക്കാള്‍ 32 സീറ്റിൻ്റെ കുറവ്. തൊട്ടു പിന്നാലെ നടന്ന ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പുകളും അവസാന ഫലങ്ങളുടെ വിശ്വസനീയമായ സൂചകങ്ങളല്ല എക്സിറ്റ് പോളുകൾ എന്ന് വീണ്ടും അടിവരയിടുകയാണ്.

ഹരിയാനയിൽ ഭരണകക്ഷിയായ ബിജെപി തകർന്നടിയുമെന്നും കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരം തിരിച്ചുപിടിക്കുമെന്നായിരുന്നു എല്ലാ സർവേകളും പ്രവചിച്ചിരുന്നത്. എന്നാൽ ഇവയെ എല്ലാം അസ്ഥാനത്താക്കിയാണ് ഫലം പുറത്തു വന്നിരിക്കുന്നത്. വോട്ടെണ്ണൽ എകദേശം അവസാനിക്കാറാകുമ്പോൾ കേവല ഭൂരിപക്ഷവും മറികടന്ന് ഇപ്പോൾ 49 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 35 ഇടത്താണ് കോൺഗ്രസിന് ലീഡ് ഉള്ളത്.

ജമ്മു കശ്മീരിൽ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം കൂടുതൽ സീറ്റുകൾ നേടുമെങ്കിലും കേവല ഭൂരിപക്ഷം കടക്കില്ലെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ 59 സീറ്റുകളിലാണ് മുന്നണി ലീഡ് ചെയുന്നത്. 28 ഇടത്താണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കേവല ഭൂരിപക്ഷവും മറികടന്ന് വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഇന്ത്യ മുന്നണി കശ്മീരിൽ മുന്നേറിയിരിക്കുന്നത്.

2023 ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിലും പ്രവചനങ്ങൾ തെറ്റിയിരുന്നു. കോൺഗ്രസ് അധികാരം നിലനിർത്തുമെന്നായിരുന്നു എല്ലാ സർവേകളും പറഞ്ഞിരുന്നത്. എന്നാൽ 90 അംഗ നിയമസഭയിൽ 54 സീറ്റുകളുമായി ബിജെപി അധികാരം പിടിച്ചെടുത്തു. കോൺഗ്രസ് 34 ൽ ഒതുങ്ങി. 2021 ൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപി ഭരണം പിടിക്കുമെന്നായിരുന്നു ഭൂരിപക്ഷം സർവേ ഫലങ്ങളും. എന്നാൽ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റ് നേടി ഭരണ തുടർച്ച ഉറപ്പാക്കി. ബിജെപി 77 സീറ്റിൽ ചുരുങ്ങി.

2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുകളും പിടിച്ചെടുത്ത ആം ആദ്മി പാർട്ടിയുടെ മൃഗീയ ഭൂരിപക്ഷത്തിലുള്ള വിജയവും പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിയായിരുന്നു. 2015ലും 2020ലും ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. 2015ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി മുന്നേറ്റം നടത്തുമെന്നായിരുന്നു സർവേ ഫലങ്ങൾ എന്നാൽ. കോൺഗ്രസ് -ആര്‍ജെഡി-ജെഡിയു എന്നിവരടങ്ങിയ മഹാഗത്ബന്ധൻ സഖ്യം ഭരണത്തിൽ എത്തുകയായിരുന്നു. മഹാഗത്ബന്ധൻ 178 സീറ്റുകൾ നേടിയാണ് ബിജെപിയേയും പ്രവചനങ്ങളേയും അപ്രക്തമാക്കിയത്. എൻഡിഎ വെറും 54 സീറ്റിലൊതുങ്ങി.

2020ൽ മഹാഗത്ബന്ധൻ സഖ്യത്തിൽ നിന്നും ജെഡിയു പിൻമാറി ബിജെപിക്കൊപ്പമാണ് മത്സരത്തിനിറങ്ങിയത്. കോൺഗ്രസ്- ആർജെഡി സഖ്യം അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ വോട്ടെണ്ണിയപ്പോൾ വിജയം ബിജെപി-ജെഡിയു സഖ്യത്തിനൊപ്പമായിരുന്നു. 2004ൽ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട അടൽ ബിഹാരി വാജ്പേയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് തുടർ ഭരണമായിരുന്നു സർവേ ഫലങ്ങൾ നൽകിയത്. 240 മുതൽ 275 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ അവകാശവാദം. എന്നാൽ ഫലം വന്നപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 187 സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസും സഖ്യകക്ഷികളും അടങ്ങിയ യുപിഎ 216 സീറ്റുകളിൽ വിജയിച്ചു. ഇടതുമുന്നണിയുടെ പിന്തുണയോടെ കോൺഗ്രസ് മുന്നണി അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത് പാളിയതോടെ എക്സിറ്റ് പോളുകൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയര്‍ന്നിരുന്നത്. തന്റെ ഏജൻസി പുറത്തുവിട്ട എക്‌സിറ്റ് പോളും തിരഞ്ഞെടുപ്പ് ഫലവുമായി വിദൂര ബന്ധം പോലുമില്ലെന്ന് തെളിഞ്ഞതോടെ ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത ചാനൽ മുറിയിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.

ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ബിജെപിയെ മോദി ‘ചാർ സൗ പാറിലേക്ക്’ (400 സീറ്റുകളിക്ക്) എത്തിച്ചു കഴിഞ്ഞു. 361 മുതൽ 401 വരെ സീറ്റുകൾ ഒറ്റയ്ക്ക് നേടി ബിജെപി വൻ വിജയം നേടുമെന്നായിരുന്നു പ്രദീപ് ഗുപ്തയുടെ ഏജൻസിയുടെ പ്രവചനം. അന്തിമഫലംവന്നപ്പോള്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം പോലും നേടാനായിരുന്നില്ല. ഗുപ്തയുടെ പൊട്ടിക്കരച്ചിൽ സോഷ്യൽ മീഡിയകളിൽ വൻ ട്രോളുകൾക്ക് വഴി തുറന്നിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ യഥാർത്ഥ ഫലങ്ങളുടെ ഏഴയലത്ത് പോലും വരുന്നില്ല എന്നാണ് 2024 ൽ ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ ഇന്ത്യയില്‍ പരാജയപ്പെടുന്നത് തുടര്‍ക്കഥയാകുന്നത് അവയുടെ വിശ്വാസ്യതയെപ്പറ്റി വീണ്ടും വ്യാപക ചർച്ചകൾക്ക് വഴിവക്കാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top