ചിഹ്നം ഈനാംപേച്ചിയോ നീരാളിയോ ആകുമോ? എക്സിറ്റ് പോള്‍ പ്രവചനങ്ങളില്‍ സിപിഎമ്മിന് ആശങ്ക; ദേശീയ അംഗീകാരത്തിന് വേണം 11 എംപിമാര്‍
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ആശങ്കയിലായിരിക്കുന്നത് സിപിഎമ്മാണ്. പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം അധികം വൈകാതെ നഷ്ടമാകും. ചുറ്റിക, അരിവാള്‍ നക്ഷത്രം എന്ന സ്വന്തം ചിഹ്നം സംരക്ഷിക്കണമെങ്കില്‍ ദേശീയ പാർട്ടിയാകാൻ വേണ്ട അംഗീകാരം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എ.കെ.ബാലന്‍ പ്രസംഗിച്ചതുപോലെ ‘ഈനാംപേച്ചിയോ തേളോ എലിപ്പെട്ടിയോ നീരാളിയോ’ ഒക്കെ ചിഹ്നമായി കിട്ടിയാലും സഹിക്കേണ്ട ഗതികേടിലാകും സിപിഎം. അംഗീകാരത്തിന് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ് വേണം. ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം. കേരളത്തില്‍ നിന്നും എട്ട് ലോക്സഭാ എംപിമാര്‍ എങ്കിലും ലഭിക്കേണ്ടതുണ്ട്.
കേരളത്തില്‍ 8 സീറ്റുകള്‍ ലഭിക്കും എന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. ഇതുകൊണ്ട് തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളിക്കളഞ്ഞത്. മന്ത്രി, മൂന്ന് എംഎൽമാർ, പിബി അംഗം, 3 ജില്ലാ സെക്രട്ടറിമാർ എന്നിവരെ മത്സരത്തിനിറക്കിയത് തന്നെ ഈ ലക്ഷ്യം വെച്ചാണ്. മൂന്ന് സീറ്റോ അതിലും താഴെയോ വന്നാല്‍ അംഗീകാരം നഷ്ടമാകുമെന്ന ഭീഷണിയാണ് പാര്‍ട്ടിയെ തുറിച്ച് നോക്കുന്നത്.
ചിഹ്നം പോയാല്‍ നഷ്ടമാകുന്നത് പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെയാണ്. സര്‍വേകള്‍ ഒന്നും തന്നെ നാല് സീറ്റിനു മുകളില്‍ സിപിഎമ്മിന് നല്‍കുന്നില്ല. ഒരു സീറ്റ് പോലുമില്ലെന്ന് പറഞ്ഞ സര്‍വേയും പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെയാണ് പാര്‍ട്ടിയുടെ ആശങ്ക കൂട്ടുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും സിപിഎമ്മിന് ദേശീയ പദവി നഷ്ടപ്പെടുകയും ചെയ്‌താല്‍ ഇതെല്ലാം പാര്‍ട്ടിക്ക് വലിയ ആഘാതമാകും.
കേരളത്തിൽ 15 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ.എസ്.ഹംസയും ഉൾപ്പെടെ എല്ലാവരും മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിൽ. ഇതെല്ലാം അംഗീകാരം നഷ്ടമാകാതിരിക്കാനുള്ള പാര്‍ട്ടിയുടെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടിയുടെ വളര്‍ച്ച ഇപ്പോള്‍ താഴോട്ടാണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഭരണമുണ്ടായിരുന്ന പാർട്ടിക്ക് നിലവിൽ ഭരണം കേരളത്തിൽ മാത്രം. 2004ൽ 43 എംപിമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് മൂന്ന് എംപിമാരാണ്. അംഗീകാരം കൂടി നഷ്ടമായാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയെ ആകും നേരിടാന്‍ പോകുന്നത്.
രണ്ടു വര്‍ഷം കൂടി സിപിഎമ്മിന് ആശ്വാസമുണ്ട്. 2026 വരെ ദേശീയ പാർട്ടിയായി തുടരാം. ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമീകരിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് പരിശോധന നടത്തിയത് 2016ലാണ്. ഇനി പരിശോധന നടക്കുന്നത് 2026ലാണ്. അപ്പോഴാണ് അംഗീകാര പ്രശ്നം സിപിഎമ്മിന് നേരിടേണ്ടി വരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here