തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കെപിസിസി മുന്‍ ട്രഷറര്‍ തിരഞ്ഞെടുപ്പ് ചുമതല ഒഴിഞ്ഞു; രാജി നല്‍കിയെന്ന് കൊച്ചു മുഹമ്മദ്
തൃശൂർ: കടുത്ത മത്സരത്തിനാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അരങ്ങൊരുങ്ങുന്നത്. നിലവിലെ കോണ്‍ഗ്രസ് എംപി ടി.എന്‍.പ്രതാപന് ഇക്കുറി വിജയം എളുപ്പമാകില്ല. ബിജെപിയും സിപിഐയും ശക്തരായ സ്ഥാനാര്‍ഥികളെയാണ് തൃശൂരില്‍ നിര്‍ത്തുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ട കോണ്‍ഗ്രസില്‍ പക്ഷെ തമ്മിലടിയാണ്. ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കെപിസിസി മുന്‍ ട്രഷറര്‍ കെ.കെ. കൊച്ചു മുഹമ്മദ് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഒഴിഞ്ഞു. രാജിക്കത്ത് ഇന്നലെ ഡിസിസി പ്രസിഡന്റിന് കൈമാറി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തിന്റെയും അവിണിശേരി മണ്ഡലത്തിന്റെയും ചുമതലയുള്ളത് കൊച്ചുമുഹമ്മദിനാണ്.
ചേര്‍പ്പ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയില്‍ യോഗം വിളിച്ചിരുന്നു. രണ്ട് പാനലായി മത്സരിക്കുന്നതിന് പകരം ഒറ്റ പാനലായി മത്സരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ കൊച്ചുമുഹമ്മദുമായി അടുപ്പമുള്ള ചേര്‍പ്പ് മണ്ഡലം പ്രസിഡന്റ് ജോണ്‍ ആന്റണിക്ക് ഡിസിസി ഓഫീസില്‍ വെച്ച് മര്‍ദ്ദനമേറ്റു. കെപിസിസി അധ്യക്ഷന് അടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് രാജി.
രാജി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കൊച്ചുമുഹമ്മദ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പദവിയില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടിയും ടി.എന്‍.പ്രതാപന് വേണ്ടിയും പ്രവര്‍ത്തിക്കും. മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തന്നെ വിളിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കും രാജിക്കത്തിന്‍റെ കോപ്പി അയച്ച് നല്‍കിയിട്ടുണ്ട്- കൊച്ചുമുഹമ്മദ് പറഞ്ഞു.
” തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് കാരണം തൃശൂര്‍ ജില്ലയില്‍ 61 മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടും. അര്‍ഹതയുണ്ടായിട്ടും പദവി ലഭിക്കാത്ത ധാരാളം പേരുണ്ട്. അവരൊക്കെ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഡിസിസി ഓഫീസില്‍ നിന്നും മര്‍ദ്ദനമേറ്റ ചേര്‍പ്പ് മണ്ഡലം പ്രസിഡനറും കടുത്ത പ്രതിഷേധത്തിലാണ്. മൂന്ന് മാസമായിട്ടും പ്രശ്നത്തില്‍ നടപടി വന്നിട്ടില്ല. ഡിസിസിയുടെ പ്രവര്‍ത്തന രീതിയോട് അഭിപ്രായ വ്യത്യാസമുള്ളവരാണ് കൂടുതലുള്ളത്”-കൊച്ചുമുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
പ്രശ്നത്തില്‍ എല്ലാം നിഷേധിച്ചുള്ള പ്രതികരണമാണ് ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് നടത്തിയത്. “മണ്ഡലം പ്രസിഡന്റിന് മര്‍ദ്ദനമേറ്റിട്ടില്ല. തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏറ്റെടുത്തിട്ടുള്ള കൊച്ചുമുഹമ്മദ് രാജി വെച്ചിട്ടില്ല. അത് തെറ്റായ വാര്‍ത്തയാണ്.”ജോസ് വെള്ളൂര്‍ പറഞ്ഞു.
ഇതിന്റെ സ്ഥിരീകരണത്തിനായി വീണ്ടും കൊച്ചുമുഹമ്മദിനെ ബന്ധപ്പെട്ടപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മാത്രമായിരുന്നു പ്രതികരണം. ഡിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞെങ്കില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും കൊച്ചുമുഹമ്മദ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here