ടൂർപാക്കേജിൻ്റെ പേരിൽ പകൽകൊള്ള; ട്രാവൽ ഏജൻസിക്ക് 78,000 പിഴയീടാക്കി ഉപഭോക്തൃ കോടതി

ആകർഷകമായ പാക്കേജ് ഒരുക്കി വിനോദയാത്രയ്ക്ക് ആളെ സംഘടിപ്പിച്ച് ഡൽഹി വരെയെത്തിച്ച ശേഷം വാഗ്ദാനം ലംഘിച്ച ടൂർ കമ്പനിക്കെതിരെ കർശനമായി ഇടപെട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശി വിശ്വനാഥൻ പി.കെ. ആണ് ട്രാവൽ വിഷൻ ഹോളിഡേയ്സ് എന്ന സ്ഥാപനത്തിനെതിരെ പരാതി നൽകിയത്.

ഡൽഹി, ആഗ്ര, കുളു, മണാലി, അമൃതസർ, വാഗാ അതിർത്തി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊണ്ടുപോകുമെന്ന് വിശ്വസിപ്പിച്ചാണ് എതിർകക്ഷി ബുക്കിംഗ് സ്വീകരിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒന്നും നൽകിയില്ല. ഒടുവിൽ സന്ദർശിക്കാനുള്ള സ്ഥലങ്ങൾ പോലും വെട്ടിച്ചുരുക്കി. ഇതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പരാതിക്കാരനും ഭാര്യയും അടക്കം 42 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ വോൾവോ എസി സെമി സ്ലീപ്പർ ഡീലക്സ് ബസിൽ എത്തിക്കും എന്നായിരുന്നു വാഗ്ദാനം. ഇത് ആദ്യം ലംഘിക്കപ്പെട്ടു. സാധാരണ എസി ബസ് ആണ് കിട്ടിയത്. ഇത് ഓടിക്കാൻ 70 വയസുകാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ തുടർച്ചയായി 3000 കിലോമീറ്റർ ബസ് ഓടിക്കേണ്ടിവന്നു. ഒരു ഡ്രൈവറെ കൂടി നൽകുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു.

താമസത്തിന് നിലവാരമുള്ള ഹോട്ടൽ മുറി നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ല. ഇത് മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാക്കി. ഏഴു രാത്രി ത്രീസ്റ്റാർ സൗകര്യമുള്ള മുറി നൽകുമെന്ന് പറഞ്ഞിട്ട് മൂന്ന് രാത്രി ബസിൽ തന്നെ കഴിയേണ്ടി വന്നുവെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. ത്രീസ്റ്റാർ സൗകര്യങ്ങൾ തന്നെ നൽകിയെന്ന് ചില ഫോട്ടോകൾ കാണിച്ച് ടൂർ കമ്പനി വാദിച്ചെങ്കിലും അവ വിശ്വാസ യോഗ്യമല്ലെന്ന് കോടതി കണ്ടെത്തി.

വിനോദയാത്രാ സംഘത്തിലെ ഭൂരിഭാഗം യാത്രക്കാർക്കും ഭക്ഷ്യവിഷബാധ ഉണ്ടായി. ചിലർ ആശുപത്രിയിലുമായി. അതുകൊണ്ട് യഥാസമയം നിശ്ചയിക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്താൻ കഴിഞ്ഞില്ല. അമൃതസർ, വാഗ അതിർത്തി ഉൾപ്പെടെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഒഴിവാക്കപ്പെട്ടു. പണവും ആരോഗ്യവും നഷ്ടപ്പെട്ട യാത്രാസംഘത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബസ് വേഗത കുറച്ച് യാത്ര ചെയ്തതെന്ന് കമ്പനി വാദിച്ചു. എന്നാൽ ബസിന്റെ ഫിറ്റ്നസ് യാത്ര പുറപ്പെടുന്നതിനു മുൻപേ കഴിഞ്ഞിരുന്നുവെന്ന രേഖയും പരാതിക്കാരൻ കോടതി മുമ്പാകെ ഹാജരാക്കി. വാഗ്ദാനം ചെയ്തത് പോലെ നിലവാരമുള്ള ബസ് ഏർപ്പെടുത്തിയില്ല, പല ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാൻ കഴിഞ്ഞില്ല തുടങ്ങി പരാതിയിൽ പറഞ്ഞ പല കാര്യങ്ങളും ശരിയാണെന്ന് ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു.

എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനതയും ധാർമികമായ വ്യാപാര രീതിയും വ്യക്തമാണെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 75,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകാൻ ഉത്തരവായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top