മലയാളിയായ അന്നയുടെ മരണം EYയുടെ കണ്ണുതുറപ്പിച്ചോ? അമ്മയുടെ കത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് ഉറപ്പുമായി കമ്പനി

ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ (26) മരണത്തിൽ പ്രതികരിച്ച് ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇവൈ). രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യകരമായ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിനും നൽകുന്നതിനുമുള്ള സാഹചര്യം ഉറപ്പ് വരുത്തുമെന്നാണ് കമ്പനിയുടെ പ്രതികരണം. അന്നയുടെ മരണത്തിൽ അനുശോചനവും രണ്ടു മാസങ്ങൾക്ക് ശേഷം രേഖപ്പെടുത്തി. പൂനെയിലെ ഇവൈ ഗ്ലോബലിൻ്റെ സഹോദര സ്ഥാപനമായ എസ്ആർ ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിൻ്റെ ഭാഗമായിരുന്നു മലയാളിയായ അന്ന. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിക്കുന്നത്.

അന്ന സെബാസ്റ്റ്യൻ്റെ മരണം കമ്പനിക്ക് നികത്താനാവാത്ത നഷ്ടമാണ്. ജീവനക്കാരിയുടെ അകാല മരണത്തിൽ അതിയായ ദുഖമുണ്ട്. ഞങ്ങളുടെ അഗാധമായ അനുശോചനം ദുഖിതരായ കുടുംബത്തിന് അർപ്പിക്കുന്നു.
കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെന്നായിരുന്നു കത്തിനോട് ഇവൈ പ്രതികരിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ കമ്പനി എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. അത് വീണ്ടും തുടരും. കുടുംബത്തിൻ്റെ കത്ത് അതീവ ഗൗരവത്തോടെയും വിനയത്തോടെയുമാണ് കാണുന്നത്. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നു. കൂടാതെ ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള 1,00,000 ത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ജോലിസ്ഥലം മെച്ചപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

മകളുടെ മരണം കമ്പനി അധികൃതകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്നയുടെ മരണശേഷം കമ്പനി അധികൃതര്‍ ഒന്നും ചെയ്തില്ല. മകള്‍ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അങ്ങേയറ്റം ദയാരഹിതവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമായിരുന്നു മകളുടെ മരണത്തിനു ശേഷവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതാണോ നിങ്ങളുടെ തൊഴില്‍ സംസ്കാരമെന്നും അനിത ചോദിച്ചു. ഈ വർഷം മാർച്ച് 18നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി അന്ന കമ്പനിയിൽ ചേർന്നത്. കമ്പനിയില്‍ ചേര്‍ന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ജോലിഭാരത്തിന്റെയും മാനസിക സമ്മര്‍ദ്ദത്തിന്റെയും പിടിയിലായെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ജീവനക്കാരോടുള്ള കമ്പനിയുടെ നയമാണ് മകളുടെ മരണത്തിന് കാരണം. ഇവൈ അന്നയുടെ ആദ്യ സ്ഥാപനമായിരുന്നു. ആവേശത്തോടെയാണ് കമ്പനിയില്‍ ചേര്‍ന്നത്. തന്റെ മകള്‍ പോരാളിയായിരുന്നു. സ്‌കൂളിലും കോളേജിലും എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടി.ഇവൈയില്‍ കഠിനമായി ജോലി ചെയ്തു. കടുത്ത ജോലി ഭാരം കാരണമാണ് മകള്‍ക്ക് ജീവന്‍ നഷ്ടമായത്. അവള്‍ വളരെ മാനസികമായി തളര്‍ന്നുപോയി. നീണ്ട മണിക്കൂറുകളും ജോലി ചെയ്യേണ്ടി വന്നു. ശരിയായ വിശ്രമവും ഉറക്കവും ലഭിക്കാത്തതും അവളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. ദീര്‍ഘനേരമുള്ള ജോലി ഭാരത്തിനൊപ്പം, പുതിയ അന്തരീക്ഷവും മത്സരബുദ്ധിയും അന്നയെ വളരെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്നും അനിതയുടെ ഹൃദയഭേദകമായ കത്തിലുണ്ട്.

മരിക്കുന്നതിന് ദിവസങ്ങൾ മുമ്പ് ജൂലൈ 6ന് താനും ഭര്‍ത്താവും സിഎ കോണ്‍വക്കേഷനില്‍ പങ്കെടുക്കാന്‍ പൂനെയിലെത്തി. ഒരാഴ്ചയായി നെഞ്ച് വേദനിക്കുന്നതായി മകൾ പറഞ്ഞതിനാൽ പൂനെയിലെ ആശുപത്രിയിൽ കാണിച്ചു. ഇസിജി സാധാരണ നിലയിലായിരുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും വളരെ വൈകി ഭക്ഷണം കഴിക്കുന്നത് പ്രശ്‌നമാണെന്നും കാര്‍ഡിയോളജിസ്റ്റ് പറഞ്ഞു. ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്. ലീവ് കിട്ടില്ലെന്നും പറഞ്ഞ് ഡോക്ടറെ കണ്ട് ജോലിക്ക് പോകാനാണ് അന്ന തിടുക്കം കാട്ടിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കത്ത് വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമായിരുന്നു കമ്പനിക്കെതിരെ ഉയർന്നത്. ജീവനക്കാരുടെ ആരോഗ്യത്തെക്കുറിച്ച് പോലും ചിന്തിക്കാതെ അമിത ലാഭത്തിനായി അവരെ ചൂഷണം ചെയ്യുന്നുവെന്നാണ് ഉയർന്ന പ്രധാന കുറ്റപ്പെടുത്തൽ. ജീവനക്കാരെ ചൂഷണം ചെയ്യുന്നത് തടയേണ്ടത് അനിവാര്യമാണ്. ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുകയും, അവര്‍ക്ക് മതിയായ വിശ്രമവും പിന്തുണയും നല്‍കുകയും ചെയ്യേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണ് എന്നും നിരവധിപേർ കുറ്റപ്പെടുത്തി. അന്നയുടെ മരണം വെറും ഒരു സംഭവമല്ല, അത് ഒരു വലിയ സമൂഹ പ്രശ്‌നത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. കമ്പനികള്‍ക്ക് ലാഭം മാത്രമല്ല, ജീവനക്കാരുടെ ക്ഷേമവും പ്രധാനമാണെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു എന്നും നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top