അന്നയെ മരണത്തിലേക്ക് തള്ളിവിട്ട EYക്ക് റജിസ്ട്രേഷനില്ല; 17 വർഷമായി പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ


ജോലി സമ്മർദ്ദം മൂലം മലയാളി പെൺകുട്ടി അന്ന സെബാസ്റ്റ്യൻ പേരയിൽ (26) മരിക്കാനിടയായ സംഭവത്തിന് പിന്നാലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന റിപ്പോർട്ട് പുറത്ത്. കമ്പനി ഓഫിസില്‍ മഹാരാഷ്ട്ര തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2007 മുതൽ സംസ്ഥാന സർക്കാറിന്റെ അനുമതി (Labour Welfare Permit) ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്ര അഡീഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പൂനെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ സ്ഥാപനത്തിന് ഇല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കമ്പനി അധികൃതർ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നിയമപ്രകാരം പരമാവധി ജോലി സമയം ഓരോ ദിവസവും ഒമ്പത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്.

2024 ഫെബ്രുവരിയിലാണ് കമ്പനി റജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ 2007 മുതൽ റജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് പറയുന്നു. റജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും നൽകിയിട്ടുണ്ട്. അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഓഫിസിലെത്തി ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ടെന്നും ശൈലേന്ദ്ര പോൾ വ്യക്തമാക്കി.

ആഗോള അക്കൗണ്ടിങ്‌ സ്ഥാപനമായ ഈവൈയിൽ ജോലിക്ക് കയറി നാലു മാസത്തിനുളളിലാണ് കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന മരണപ്പെട്ടത്. കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റായ അന്ന താമസസ്ഥലത്ത് ഇക്കഴിഞ്ഞ ജൂലൈ 20ന് കുഴഞ്ഞുവീണാണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ ഈവൈക്ക് എതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.


മകളുടെ മരണം കമ്പനി അധികൃതകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് അനിത എഴുതിയ കത്ത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അന്നയുടെ മരണശേഷം കമ്പനി അധികൃതര്‍ ഒന്നും ചെയ്തില്ല. മകള്‍ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങേയറ്റം ദയാരഹിതവും മനുഷ്യത്വരഹിതവുമായ പെരുമാറ്റമായിരുന്നു മകളുടെ മരണത്തിനു ശേഷവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതാണോ നിങ്ങളുടെ തൊഴില്‍ സംസ്കാരമെന്നും അനിത കമ്പനി മേധാവിയോട് കത്തിലൂടെ ചോദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top