വെള്ളാപ്പള്ളി കുടുംബത്തെ കുറ്റപ്പെടുത്തിയാല്‍ ഈഴവ വോട്ടുകള്‍ തിരികെ ലഭിക്കുമോ; സിപിഎം തല പുകയ്ക്കുന്നു

ഈഴവ വോട്ടുകളില്‍ വന്ന കനത്ത ചോര്‍ച്ച സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കുന്നു. എല്ലാ കാലത്തും പാര്‍ട്ടിക്ക് കീഴില്‍ അടിയുറച്ച് നിന്ന വലിയ വിഭാഗം ഈഴവ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ഒപ്പം പോയതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ വന്‍ തോല്‍വിക്ക് കാരണമായത്. ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 28 ശതമാനത്തില്‍ അധികമാണ് വോട്ട് നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ആലപ്പുഴ എന്ന ഏക സീറ്റ് ഇക്കുറി സിപിഎമ്മിന് നിലനിര്‍ത്താന്‍ കഴിയാതെ പോയതിന് പിന്നിലും ദൃശ്യമാകുന്നത് വോട്ടുചോര്‍ച്ചയാണ്. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്‍ നേടിയ ഒരൊറ്റ സീറ്റാണ് സിപിഎമ്മിന്റെ മാനം രക്ഷിച്ചത്.

സിപിഎം ഉരുക്കുകോട്ടയായ കണ്ണൂരില്‍ പോലും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. ബിഡിജെഎസ് ദുര്‍ബലമായി തുടരുമ്പോഴും വോട്ടുകള്‍ എന്‍ഡിഎയ്ക്ക് തന്നെ ലഭിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായത്. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന നേതൃയോഗങ്ങളിലും വോട്ടുബാങ്കുകളില്‍ വന്ന ചോര്‍ച്ച സജീവ ചര്‍ച്ചയായിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍‌വിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ചാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബിഡിജെഎസിലൂടെ ഈഴവരിലേക്ക് കടന്നുകയറാന്‍ വെള്ളാപ്പള്ളിയുടെ മകനും ഭാര്യയും വഴിയൊരുക്കിയെന്ന ആരോപണമാണ് ഗോവിന്ദന്‍ ഉന്നയിച്ചത്. വെള്ളാപ്പള്ളിയുടെ ഭാര്യയായ പ്രീതി നടേശന്‍ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തിയാല്‍ നഷ്ടമായ വോട്ടുകള്‍ തിരികെ ലഭിക്കുമോ എന്ന ചോദ്യം സിപിഎമ്മിന് മുന്നിലുണ്ട്.

പതിവായി താമരയില്‍ വോട്ടുചെയ്യുന്നവരെ തിരിച്ചുപിടിക്കുക എളുപ്പമാവില്ല. ഈഴവ വോട്ടുകള്‍ ബിജെപിയില്‍ കേന്ദ്രീകരിച്ചതോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് 30 ഇടത്ത് ശക്തമായ ത്രികോണ മത്സരം വന്നത്.

കടുത്ത ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും സര്‍ക്കാരിനെയും പാര്‍ട്ടിയേയും വേട്ടയാടുന്ന സാഹചര്യത്തില്‍ മുന്നോട്ടുള്ള പോക്കിന് ഈഴവ വോട്ടുകള്‍ നിര്‍ണായകമാണ്. ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് മുന്നിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top