രാഹുല്‍ ഈശ്വര്‍ പൂജാരിയാകാത്തത് നന്നായെന്ന് ഹണി റോസ്; സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ

ലൈംഗിക അധിക്ഷേപത്തിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെതിരെ പരിഹാസവുമായി നടി ഹണി റോസ്. ഏതെങ്കിലും ക്ഷേത്രത്തില്‍ രാഹുല്‍ ഈശ്വര്‍ പൂജാരി ആകാതിരുന്നത് നന്നായി. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് അദ്ദേഹം ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ എന്നുള്ള കുറിപ്പാണ് ഫെയ്സ്ബുക്കില്‍ ഹണി റോസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ലൈംഗിക അധിക്ഷേപം നടത്തി എന്ന നടിയുടെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലാണ്. 20 യുട്യൂബ് ചാനലുകള്‍ക്കും എതിരെ നടിയുടെ പരാതി പോലീസിനു മുന്നിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി പരിശോധിച്ച് നടപടി എടുക്കാന്‍ പോലീസ് തയ്യാറെടുക്കുകയാണ് അപ്പോഴാണ്‌ രാഹുല്‍ ഈശ്വറിനെതിരെയും പൊട്ടിത്തെറിച്ച് ഹണി റോസ് രംഗത്തുവന്നിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ കളിയാക്കിയും പരിഹസിച്ചുമാണ് നടിയുടെ കുറിപ്പ്.

“ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.” എന്നും ഹണി റോസ് കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ രാഹുൽ ഈശ്വർ

താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top