മുഖം മിനുക്കുന്നവർ സൂക്ഷിക്കുക; വെളുക്കാൻ തേക്കുന്ന ക്രീം കൊലയാളിയോ ?

മലപ്പുറം: വെളുക്കാൻ കണ്ണിൽ കണ്ട ഊരും പേരും ഇല്ലാത്ത ക്രീമുകൾ വാരി തേക്കുന്നവർ ജാഗ്രത പാലിക്കുക. ഇത് മുഖത്തിനെ മാത്രമല്ല വൃക്കയേയും ബാധിക്കും. ഉയർന്ന അളവിൽ രാസവസ്തുക്കൾ അടങ്ങിയ ഫെയർനെസ് ക്രീമുപയോഗിച്ച സ്ത്രീകളിലും പുരുഷൻമാരിലും ‘മെമ്പനസ് നെഫ്രോപ്പതി’ എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയിട്ടുണ്ട്. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി ഡോക്ടർമാരുടേതാണ് കണ്ടെത്തൽ.

ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ ചികിത്സ തേടിയെത്തിയ 14 വയസുള്ള കുട്ടി ഉൾപ്പടെ ഏഴുപേർക്കാണ് രോഗം കണ്ടെത്തിയത്. മരുന്നുകൾ ഫലപ്രദമാകാത്ത അവസ്ഥയിലാണ് രോഗത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചത്. ഇതോടെയാണ് കുട്ടി തുടർച്ചയായി പ്രത്യേക ഫെയർനെസ് ക്രീം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇതേസമയത്ത് രോഗിയുടെ ബന്ധുവും സമാന രോഗലക്ഷണവുമായി എത്തി. പരിശോധനയിൽ ഇവർക്കും നെൽ 1 എം എൻ പോസിറ്റീവായിരുന്നു. അന്വേഷണത്തിൽ ഇവരും ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു.

ഈ സാഹചര്യത്തിൽ സമാന ലക്ഷണങ്ങളുമായി വന്ന മുഴുവൻ പേരെയും വിളിച്ചു വരുത്തി. എട്ടുപേരും ഫെയർനെസ് ക്രീം ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ക്രീം വിശദ പരിശോധനയ്ക് വിധേയമാക്കിയിട്ടുണ്ടെന്ന് ആസ്റ്റർ മിംസിലെ നെഫ്രോളജിസ്റ്റ് വിഭാഗം അറിയിച്ചിട്ടുണ്ട്.

വിപണയിൽ വരുന്ന ഏത് ക്രീമും വാങ്ങി ഉപയോഗിക്കരുതെന്ന് ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഇറക്കുമതി വിവരം, രജിസ്റ്ററേഷൻ സർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിന്റെ പേരും അതിൽ ഉപയോഗിച്ച രാസവസ്തുക്കളുടെ അളവും സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉത്പന്നങ്ങൾ വില്പന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്നത് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

തൊലി വെളുപ്പിക്കാനായി ഫെയർനെസ് ക്രീമുകളിൽ മെർക്കുറി ചേർക്കാറുണ്ട്. ഇതൊരു വിഷവസ്തു ആണെങ്കിലും മുഖത്തു വരുന്ന ചെറിയ പാടുകൾ തടയാൻ പല മരുന്നുകളിലും അനുവദനീയമായ അളവിൽ ഇത് ചേർക്കും. എന്നാൽ മെർക്കുറിയുടെ അളവ് കൂടുമ്പോൾ കിഡ്‌നിയെ ബാധിക്കും.

സൗന്ദര്യ വർദ്ധക വസ്തുക്കളിൽ കനത്ത ലോഹങ്ങളുടെ സാനിധ്യം പുതിയ കാര്യമല്ല. 2014 ൽ ഡൽഹി ആസ്ഥാനമായുള്ള സിഎസ്ഇ 32 ക്രീമുകൾ പരിശോധിച്ചതിൽ 14 എണ്ണത്തിലും ഉയർന്ന അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയിരുന്നു. ശരീരത്തിൽ നേരിട്ട് ഉപയോഗിക്കുന്ന ഏത് മരുന്നായാലും ക്രീമായാലും
ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top