ശരീരത്തില്‍ അമിത രോമവളര്‍ച്ചയുണ്ടോ? സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല സ്ത്രീകളും കാലാകാലങ്ങളായി അനുഭവിക്കുന്ന ഒരു സങ്കീര്‍ണതയാണ് ശരീരത്തിലെ അമിത രോമവളര്‍ച്ച. അമിത രോമവളര്‍ച്ചയ്ക്ക് പല കാരണങ്ങളുണ്ട്. ഹോര്‍മോണല്‍ വ്യതിയാനങ്ങളാണ് ഇതില്‍ പ്രധാന കാരണം. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനാണ് രോമവളര്‍ച്ചയ്ക്ക് കാരണം. സ്ത്രീകളുടെ ശരീരത്തിലും വളരെ കുറഞ്ഞ അളവില്‍ ആന്‍ഡ്രജന്‍ ഉത്പാദിപ്പിക്കപ്പെടാറുണ്ട്. അതിന്റെ സന്തുലനത്തില്‍ വ്യതിയാനം സംഭവിക്കുകയോ ഉത്പാദനം കൂടുകയോ ചെയ്യുമ്പോഴാണ് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്.

സ്ത്രീകളില്‍ കണ്ടുവരുന്ന പിസിഒഡി എന്ന അവസ്ഥയാണ് മറ്റൊരു പ്രധാന കാരണം. അണ്ഡോത്പാദനം ശരിയായ രീതിയില്‍ നടക്കാത്തതാണ് പിസിഒഡിയിലേക്ക് നയിക്കുന്നത്. അണ്ഡാശയത്തിലോ അഡ്രിനല്‍ ഗ്രന്ഥിയിലോ ആന്‍ഡ്രജന്റെ അളവ് കൂടുന്ന അവസ്ഥ അമിത രോമവളര്‍ച്ചയിലേക്ക് നയിക്കാറുണ്ട്. പ്രായമായ സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ സമയത്തും ഇത് സംഭവിച്ചേക്കാം.

പ്രത്യേകിച്ച് കാരണങ്ങളില്ലാതെയും അമിത രോമവളര്‍ച്ച ഉണ്ടാകാറുണ്ട്. മുഖം, മേല്‍ച്ചുണ്ട്, താടി, നെഞ്ച്, പുറം, തുടഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും രോമവളര്‍ച്ച കാണപ്പെടാറുള്ളത്. മുഖക്കുരു, ക്രമരഹിതമായ ആര്‍ത്തവം, അമിതവണ്ണം, കഴുത്തിലും കൈമുട്ടുകളിലും കട്ടിയുള്ള കറുത്തപാടുകള്‍, തലമുടികൊഴിച്ചില്‍, ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍, പുരുഷന്മാരുടേതിന് സമാനമായ രീതിയില്‍ പേശികളുടെ വളര്‍ച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

അമിത രോമവളര്‍ച്ച അലട്ടുന്നവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ പരിശോധനകള്‍ നടത്തുക. രക്തപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിങ് എന്നിവയുടെ റിസള്‍ട്ട് പ്രകാരമായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ജീവിത ശൈലിയില്‍ വ്യത്യാസം വരുത്തുക, ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലൂടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. ഗുളികകളും ലഭ്യമാണ്. 6-9 മാസം വരെ കഴിക്കുന്നതോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാകുകയും അമിതമായ രോമങ്ങള്‍ കൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാല്‍ അത് സമയമെടുക്കും എന്നതിനാല്‍ ഒരു ചര്‍മ്മരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടാവുന്നതുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top