ഗുജറാത്ത് ബിജെപിയിൽ കൂട്ടയടി; മുൻ ഉപമുഖ്യമന്ത്രിയും എംഎൽഎയും തമ്മിൽ പോസ്റ്റർ യുദ്ധം

മണ്ഡല- താലൂക്ക് തലങ്ങളിലേക്കുള്ള പ്രസിഡൻ്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ബിജെപിയിൽ തർക്കം മുറുകുന്നു. മെഹ്സാന ജില്ലയിലുണ്ടായ അഭിപ്രായ ഭിന്നത ഒരു പടികൂടി കടന്ന് തെരുവിൽ എത്തിയിരിക്കുയാണ്. കാഡിയിൽ മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിൻ്റെ അനുയായികളും കർസൻ സോളങ്കി എംഎൽഎയുടെ പിന്തുണക്കാരുമായിട്ടാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്. ഇത് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. തർക്കം സംസ്ഥാനമെമ്പാടും വ്യാപിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.


കാഡി താലൂക്ക് ബിജെപി പ്രസിഡൻറായി ശൈലേഷ് താക്കോറിനേയും സിറ്റി പ്രസിഡൻറായി ജിഗ്നേഷ് പട്ടേലിനേയും നിയമിച്ചതിനെ തുടർന്നാണ് കാഡിയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. വൈകാതെയിത് പോസ്റ്റർ യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിൻ്റെയും മുതിർന്ന ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി സ്ഥാപിച്ച ജിഗ്നേഷ് പട്ടേലിനെ അഭിനന്ദിക്കുന്ന പോസ്റ്ററുകളെയും ഫ്ലക്സ് ബോർഡുകളെയും ചുറ്റിപ്പറ്റിയാണ് പോസ്റ്റർ യുദ്ധം ആരംഭിച്ചത്.

കർഷൻ സോളങ്കിയെയും താലൂക്ക് പ്രസിഡൻ്റ് ശൈലേഷ് താക്കൂറിനെയും ഒഴിവാക്കിയെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. ഇതിന് മറുപടിയായി നിതിൻ പട്ടേലിനെ ഒഴിവാക്കി സോളങ്കിയുടെ അനുകൂലികൾ പുതിയ ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. കാഡിയിലെ പ്രധാന റോഡുകളിലും ജംക‍്ഷനുകളിലുമെല്ലാം ഈ പോസ്റ്റർ യുദ്ധത്തിൻ്റെ കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും കാഡി എപിഎംസി തിരഞ്ഞെടുപ്പും മുന്നിൽക്കണ്ട് പ്രദേശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള നേതാക്കളുടെ കിടമത്സരത്തിൻ്റെ ഭാഗമാണ് തർക്കമെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. പട്ടീദാർ, താക്കൂർ സമുദായങ്ങള്‍ക്കാണ് കാഡിയിൽ ആധിപത്യമുള്ളത്. രണ്ട് ഗ്രൂപ്പുകൾക്കിടയിൽ സന്തുലിതാവസ്ഥ ഉണ്ടാക്കാൻ താക്കൂർ സമുദായ നേതാവിനെ താലൂക്ക് ബിജെപി പ്രസിഡൻ്റായി നിയമിക്കാൻ സംസ്ഥാന ബിജെപി നിർബന്ധിതരായിരുന്നു.

സോളങ്കി നിർദേശിക്കുന്ന ആളിനെ താലൂക്ക് ബിജെപി പ്രസിഡൻറായി തിരഞ്ഞെടുത്തില്ലെങ്കിൽ രാജിവയ്ക്കുമെന്ന് 1000 പ്രവർത്തകർ ഭീഷണിപ്പെടുത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. തുടർന്നാണ് ശൈലേഷ് താക്കൂറിനെ പ്രസിഡൻ്റായി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top