20 വർഷത്തിനുശേഷം 400 മുൻ തൊഴിലാളികൾക്ക് 8 കോടി വിതരണം ചെയ്ത് ഫാക്ടറി ഉടമ
ഫാക്ടറിയിലെ 400 മുൻ തൊഴിലാളികൾക്ക് 1 മില്യൻ ഡോളർ (ഏകദേശം 8.22 കോടി) വിതരണം ചെയ്തിരിക്കുകയാണ് ചൈനയിലെ ഫാക്ടറി ഉടമയായ ഗുവാ ചങ്സി. ഫാക്ടറി അടച്ചുപൂട്ടി 20 വർഷങ്ങൾക്കുശേഷമാണ് തൊഴിലാളികളെ തേടി 70 കാരനായ ഉടമയുടെ ധനസഹായം എത്തിയിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
1971 ലാണ് ചോങ്കിങ് ജനറൽ വാൽവ് ഫാക്ടറി സ്ഥാപിച്ചത്. 400 ലധികം തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം 2000-ൽ ഫാക്ടറി അടച്ചുപൂട്ടുകയും നഗര വികസനത്തിന്റെ ഭാഗമായി 2018-ൽ കെട്ടിടം പൊളിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിലാണ് കെട്ടിടം പൊളിച്ചതിന്റെ നഷ്ടപരിഹാരമായി 1 മില്യൻ യുഎസ് ഡോളർ ഫാക്ടറി ഉടമയ്ക്ക് ലഭിച്ചത്. തുടർന്ന് തനിക്ക് ലഭിച്ച തുക ഫാക്ടറിയിലെ മുൻ തൊഴിലാളികൾക്ക് വീതിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.
മുൻ ജീവനക്കാർക്ക് 35%, ഫാക്ടറി അടച്ചുപൂട്ടലിന് തൊട്ടുമുമ്പ് ജോലി ചെയ്യുന്നവർക്ക് 65% എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തുക വിഭജിക്കാനാണ് ചങ്സി തീരുമാനിച്ചത്. ഓരോ വ്യക്തിയുടെയും ഫാക്ടറിയിലെ ജോലി കാലാവധിയെ അടിസ്ഥാനമാക്കി തുകകൾ വീണ്ടും വിഭജിച്ചു. എന്നാൽ, ഫാക്ടറി പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്നതിനാൽ, മുൻ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു
പൊലീസിന്റെയും മാധ്യമങ്ങളുടെയും സഹായത്താലാണ് മുൻ ജീവനക്കാരെ ചങ്സി കണ്ടെത്തിയത്. ഇതുവരെ മുൻ തൊഴിലാളികളിൽ 371 പേർക്ക് നഷ്ടപരിഹാരം നൽകാനായി. 406 പേരുള്ള പട്ടികയിൽ ഇനി 35 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫാക്ടറി ഉടമ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here