നൂറുകോടിയുടെ ‘ആവേശം’; ബോക്‌സ് ഓഫീസ് തൂക്കി രങ്കണ്ണനും പിള്ളേരും; ഫഹദ് ചിത്രം കേരളത്തില്‍ നിന്നു മാത്രം നേടിയത് 50 കോടിക്കു മേല്‍
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ബോക്‌സ് ഓഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 100 കോടിയിലധികമാണ് ചിത്രം വാരിക്കൂട്ടിയത്. കൂടാതെ 350ലധികം സ്‌ക്രീനുകള്‍ കൂടി ചിത്രത്തിന് അനുവദിച്ചിട്ടുമുണ്ട്. കേരളത്തില്‍ നിന്നുമാത്രം ഫഹദ് ചിത്രം നേടിയത് 50 കോടിക്കു മുകളിലാണ്.
പുറത്തുവരുന്ന കണക്കു പ്രകാരം 107 കോടിരൂപയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആവേശം സ്വന്തമാക്കിയത്. ഇന്ത്യയിലെ കളക്ഷന്‍ 62 കോടിയും. ഈ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം 115 കോടി കളക്ട് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ആവേശം.
രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് ആവേശം. ഫഹദിനു പുറമെ സജിന്‍ ഗോപു, റോഷന്‍, ഹിപ്സ്റ്റര്‍, മിഥുന്‍ ജെ.എസ്., ആശിഷ് വിദ്യാര്‍ത്ഥി, നീരജ രാജേന്ദ്രന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നാസിമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here