70ഓളം പോലീസുകാർ, 500ലേറെ സിസിടിവി ക്യാമറകൾ… നോയിഡയിൽ നിന്ന് കാണാതായ കുട്ടികളെ ചേർത്തുപിടിച്ച കമ്മിഷണറുടെ ദൗത്യം

കേസുകളില്‍ പോലീസ് പുലര്‍ത്തുന്ന നിസംഗതയും ലാഘവത്വവും കാരണമാണ് യുപി പോലീസിന് പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരാറുള്ളത്. പലപ്പോഴും മുകളില്‍ നിന്നുള്ള ഇടപെടല്‍ വരുമ്പോള്‍ മാത്രമാണ് അന്വേഷണത്തില്‍ പോലീസ് ജാഗ്രത പാലിക്കാറുള്ളത്. ഈ രീതി നോയിഡ പോലീസ് തെറ്റിച്ചപ്പോള്‍ ലഭിച്ചത് മുക്തകണ്ഠ പ്രശംസയും.

സ്കൂളില്‍ നിന്നും രണ്ട് കുട്ടികളെ കാണാതായ സംഭവത്തിലാണ് നോയിഡ പോലീസ് അതിന്റെ മികവ് മുഴുവന്‍ പുറത്തെടുത്തത്. പോലീസ് കമ്മിഷണര്‍ ലക്ഷ്മി സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് തുടക്കം മുതല്‍ ഒടുക്കം വരെ പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. അതുകൊണ്ട് തന്നെ കുട്ടികളെ വളരെ പെട്ടെന്ന് കണ്ടെത്തിയതോടെ നോയിഡക്കാര്‍ക്കിടയില്‍ കമ്മിഷണറുടെ ഖ്യാതി കുത്തനെ ഉയരുകയും ചെയ്തു.

പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് ശകാരം കേള്‍ക്കുമെന്ന് ഭയന്നാണ് രണ്ട് വിദ്യാർത്ഥികൾ ഒളിച്ചോടിയത്. സംഭവം സ്കൂളിലും നോയിഡയിലും പരിഭ്രാന്തി പരത്തി. പരാതി കിട്ടിയതോടെ യുദ്ധസന്നാഹം ഒരുക്കി നോയിഡ പോലീസ് കുട്ടികളെ കണ്ടെത്താന്‍ ഇറങ്ങിയതോടെ തിരച്ചിലിന് ശുഭാന്ത്യം ഉണ്ടാവുകയും ചെയ്തു.

ഏഴു പോലീസ് ടീമുകളാണ് കുട്ടികള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയത്. 500 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അവര്‍ കുട്ടികളിലേക്ക് എത്തിയതും. നോയിഡയില്‍ നിന്നും 40 കിലോമീറ്റർ അകലെ ഡൽഹി ആനന്ദ് വിഹാറിൽ നിന്നുമാണ് കുട്ടികളെ തേടിപ്പിടിച്ചത്.

ഉത്തര്‍ഖണ്ഡ് പബ്ലിക് സ്‌കൂളിലെ ആര്യൻ ചൗരസ്യ, നിതിൻ ധ്യാന് എന്നീ കുട്ടികളെയാണ് കാണാതായത്. ഇൻ്റേണൽ പരീക്ഷയിൽ കുറഞ്ഞ മാര്‍ക്കാണ് ഇവര്‍ക്ക് ലഭിച്ചത്. രക്ഷിതാക്കളില്‍ നിന്നും ഒപ്പ് വാങ്ങിക്കണമെന്നും അവരെ കൂട്ടിക്കൊണ്ട് വരണമെന്നും അധ്യാപിക നിര്‍ദേശിച്ചിരുന്നു.

മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള ശകാരം ഭയന്നാണ് ഭയന്ന് ഇരുവരും നാടുവിട്ടത്. കുട്ടികള്‍ വീട്ടില്‍ എത്താതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് ഉണര്‍ന്നെണീറ്റു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കൂടാതെ യൂണിഫോമിലും മഫ്തിയിലുമായി പരിസരപ്രദേശങ്ങളിലും ഇഞ്ചോടിഞ്ചും തിരയുകയും ചെയ്തു.

സ്‌കൂൾ ഗേറ്റിലും സെക്ടർ 25ലെ മോദി മാളിന് സമീപവും സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കുട്ടികളെ കണ്ടെത്തിയതോടെ മാതാപിതാക്കൾ പോലീസിന് നന്ദി പറഞ്ഞു. പോലീസ് കമ്മിഷണർ ലക്ഷ്മി സിങ് രണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗൺസിലിങ് നല്‍കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top