ആമയിഴഞ്ചാന്‍ ദുരന്തത്തിന് കാരണം ഓപ്പറേഷന്‍ അനന്ത അട്ടിമറിക്കപ്പെട്ടത്; തലസ്ഥാനം കൊടുക്കേണ്ടി വന്നത് വലിയ വില
തിരുവനന്തപുരത്തെ മാലിന്യപ്രശ്നത്തിന്റെ ഇരയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയി. പരിഹരിക്കാതെ തുടരുന്ന മാലിന്യപ്രശ്നത്തിനാണ് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നത്. വര്‍ഷങ്ങളായി പല ഭാഗത്ത് നിന്നും തള്ളുന്ന മാലിന്യക്കൂമ്പാരമാണ് ആമയിഴഞ്ചാന്‍ തോടിനെ മാലിന്യവാഹിനിയാക്കിയത്. കടകളില്‍ നിന്നും ഹോട്ടലില്‍ നിന്നുമൊക്കെയുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് തള്ളുന്നത് ആമയിഴഞ്ചാനിലാണ്.
തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് പരിഹാരമാക്കാന്‍ വേണ്ടി ആവിഷ്ക്കരിച്ച ഓപ്പറേഷന്‍ അനന്ത തുടര്‍ന്നിരുന്നെങ്കില്‍ ഇത്രയും മാലിന്യം ഒരിക്കലും ആമയിഴഞ്ചാനില്‍ കെട്ടിക്കിടക്കുമായിരുന്നില്ല. ഒരു ജീവന്‍ കുരുതി കൊടുക്കേണ്ടിയും വരുമായിരുന്നില്ല. ഓപ്പറേഷൻ അനന്തയിലൂടെ വലിയ മാറ്റത്തിനു തുടക്കമിട്ടെങ്കിലും അതിനു തുടർച്ച ഉണ്ടായില്ല. നിർമാണങ്ങളും നിലച്ചു. അനന്ത അട്ടിമറിക്കപ്പെടുകയായിരുന്നു. അതിന്റെ പ്രതിഫലനമായി ആമയിഴഞ്ചാന്‍ ദുരന്തം മുന്നില്‍ നില്‍ക്കുന്നു. പദ്ധതി തുടര്‍ന്നിരുന്നെങ്കില്‍ ആമയിഴഞ്ചാന്‍ ഉള്‍പ്പെടെ ശുദ്ധമാക്കപ്പെടുമായിരുന്നു . ‘ഓപ്പറേഷൻ അനന്ത, അതൊക്കെ തീർന്നല്ലോ എന്നാണ് ഈ കഴിഞ്ഞ വര്‍ഷം മന്ത്രി ശിവന്‍ കുട്ടി പ്രതികരിച്ചത്. ‘അതൊക്കെ അന്നത്തെ പ്രോജക്ട്, അതൊക്കെ തീർന്നല്ലോ ഇനി പുതിയ പ്രോജക്ടല്ലേ?’എന്നാണ് മന്ത്രി പറഞ്ഞത്.
ആമയിഴഞ്ചാനിലെ ദുരന്തത്തിനും നഗരവാസികള്‍ വിരല്‍ ചൂണ്ടുന്നത് ഓപ്പറേഷന്‍ അനന്ത മുടങ്ങിയതിലേക്കാണ്. വെള്ളക്കെട്ട്-മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാക്കാനാണ് 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഓപ്പറേഷൻ അനന്തയ്ക്ക് തുടക്കമിട്ടത്. വെള്ളക്കെട്ടുയർത്തുന്ന പ്രശ്നത്തിന് വൻ മാറ്റത്തിനാണ് അന്നത്തെ കലക്ടര്‍ ബിജു പ്രഭാകർ തുടക്കമിട്ടത്. തമ്പാനൂർ, കിഴക്കേകോട്ട, ചാല, പഴവങ്ങാടി പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അനന്ത ടീം ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചു. 26 കിലോമീറ്റർ ഓടകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. പദ്ധതി പുരോഗമിക്കുന്നതിനിടെയാണ് ഓപ്പറേഷൻ അനന്തയ്ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നത്.
എസ്എസ് കോവിൽ, മാഞ്ഞാലിക്കുളം റോഡുകളിൽ ഉയരുന്ന വെള്ളക്കെട്ടിന് പരിഹാരമായി എസ്എസ് കോവിൽ റോഡ് മണ്ണിട്ട് ഉയർത്തിയ ശേഷം ടാർ ചെയ്യേണ്ടിയിരുന്നു. അങ്ങനെ ടാര്‍ ചെയ്‌താല്‍ തുറന്ന ഓടകള്‍ വഴി മഴവെള്ളം തമ്പാനൂർ വഴി ആമയിഴഞ്ചാൻ തോട്ടിൽ എത്തുമായിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ശക്തമായി നിലകൊണ്ടു. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയാതെയായി. അനന്തയുടെ കീഴിൽ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ മൂന്നിലൊന്നു മാത്രമാണ് പൂർത്തിയാക്കാനായത്. 2016നു ശേഷം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും നഗരവാസികള്‍ മാലിന്യപ്രശ്നവും വെള്ളക്കെട്ടുമായി മല്ലിടുകയാണ്. പരിഹാരമായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാത്തതും മറ്റൊരു ദുരന്തമായി തുടരുകയും ചെയ്യുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here