മുന്‍ ഐഎസ്ഐ മേധാവി അറസ്റ്റില്‍; കോര്‍ട്ട് മാര്‍ഷല്‍ ചെയ്യുമെന്ന് പാക് സൈന്യം

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ (ഇന്റർ സർവീസ് ഇന്റലിജൻസ്) മുൻ മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഫായിസ് ഹമീദ് അറസ്റ്റില്‍. സുപ്രീം കോടതി നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റെന്നാണ് സൈന്യം അറിയിച്ചത്. കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻഖാനോട് വളരെ അടുപ്പം പുലർത്തിയിരുന്ന ഐഎസ്ഐ മേധാവിയായിരുന്നു ഫായിസ് ഹമീദ്. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 2019 മുതൽ 2021 വരെ ഹമീദ് ഐഎസ്ഐ മേധാവിയായിരുന്നു. ഐഎസ്ഐ മുന്‍ മേധാവിയുടെ അറസ്റ്റ് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നടപടിയാണിത്‌.

സ്വകാര്യ ഹൗസിങ് സ്‌കീമായ ടോപ്പ് സിറ്റി മാനേജ്‌മെന്റ് 2023ൽ സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് അറസ്റ്റ്. ഹമീദിന്റെ അറിവോടെ ഉടമ മോയീസ് ഖാൻ്റെ ഓഫീസുകളിലും വസതികളിലും പാകിസ്താൻ റേഞ്ചേഴ്‌സും ഐഎസ്ഐയും റെയ്ഡ് നടത്തി. സ്വര്‍ണം, വജ്രാഭരണങ്ങൾ, പണം തുടങ്ങിയവ പിടിച്ചെടുത്തെന്നുമാണ് പരാതി. നാലു കോടിയോളം രൂപ തട്ടിച്ചെന്നാണു മോയീസ് ആരോപിക്കുന്നത്.

സൈന്യമാണ്‌ ഹമീദിനെ ഐഎസ്ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയത്. ഇതോടെയാണ് ഇമ്രാന്‍ഖാനും സൈന്യവും ഇടയുന്നത്. ഈ ശീതസമരം പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള ഇമ്രാന്റെ പുറത്താകലിനും വഴിവെച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top