വിമാനത്തിൽ ഉച്ചരിച്ചുകൂടാത്ത വാക്കുകൾ സൂക്ഷിക്കുക; നെടുമ്പാശേരിയിൽ 3 വർഷത്തിൽ 22 കേസുകൾ; യാത്രാവിലക്കും അറസ്റ്റും പിന്നാലെ

‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരനോട് ചോദിച്ചതേ യാത്രക്കാരനായ മനോജ് കുമാറിന് ഓര്‍മയുള്ളൂ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ബോംബ് സ്‌ക്വാഡ് പാഞ്ഞെത്തി… ശരീരപരിശോധന, ബാഗ് പരിശോധന…. ഒപ്പമുള്ളവരുടെയും ബാഗേജ് പരിശോധന… പിന്നാലെ പോലീസ് എത്തുന്നു, ശേഷം സ്റ്റേഷനിലേക്ക്… യാത്രയും മുടങ്ങി, മാനക്കേടും മനക്ലേശവും ഒപ്പം. ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. കൊച്ചിയില്‍ നിന്നു മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയപ്പോഴാണ് കുടുങ്ങിയത്. എക്‌സ്‌റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം ചെക്ക് പോയിന്റിന് അടുത്ത് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരനോടു തമാശയായി ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ചോദിച്ചതാണ് വിനയായത്.

കഴിഞ്ഞ ആഴ്ചയും നെടുമ്പാശേരി വിമാനത്താവളത്തില്‍ സമാന സംഭവമുണ്ടായി. ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും അന്നു പരിഭ്രാന്തിയിലാക്കിയത്. ലഗേജില്‍ ബോംബുണ്ടെന്നു യാത്രക്കാരന്‍ തമാശ പറഞ്ഞു. ഫലം നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടാന്‍ റെഡിയായി നിന്ന വിമാനം രണ്ടു മണിക്കൂറാണ് വൈകിയത്. തായ് എയര്‍ലൈന്‍സില്‍ തായ്‌ലന്‍ഡിലേക്കു പോകാന്‍ എത്തിയതായിരുന്നു പ്രശാന്തും ഭാര്യയും മകനും. മറ്റു നാലുപേരും ചേർന്നാണ് ടിക്കറ്റ് എടുത്തിരുന്നത്. ‘ബാഗില്‍ എന്തുണ്ട്’ എന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ ബോംബാണെന്നു പ്രശാന്ത് മറുപടി പറയുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 28നു രാത്രിയാണ് സമാനമായ മറ്റൊരു ഭീഷണിയുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗേജില്‍ ബോംബുണ്ടെന്നു പറഞ്ഞ യാത്രക്കാരനെ അറസ്റ്റിലായി. റാന്നി മന്ദമരുതിയിൽ നിന്നുള്ള സാബു വര്‍ഗീസാണ് അന്ന് അറസ്റ്റിലായത്. ദുബായിലേക്കുള്ള യാത്രയ്ക്കായി ബാഗ് പരിശോധിക്കുമ്പോൾ ആയിരുന്നു ഇയാളുടെ ‘ബോംബ് ഭീഷണി’. മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ ബോംബുണ്ട് എന്നാണ് സാബു സുരക്ഷാ ജീവനക്കാരനോടു പറഞ്ഞത്. ഒരുപാടു സമയം വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടി വന്നതിന്റെ ദേഷ്യത്തിലാണ് ഇങ്ങനെ പറഞ്ഞത് എന്നു സാബു പിന്നീട് വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. യാത്രാവിലക്ക് അടിച്ചുകിട്ടി.

തമാശയായി പോലും ബോംബ് എന്ന വാക്ക് വിമാന യാത്രക്കാരന്‍ ഉച്ചരിച്ചാല്‍ കളിമാറും. യാത്രക്കാരുടെ ഭാഗത്തു നിന്ന് സ്‌ഫോടനം (Explotion), ഹൈജാക്ക് (Highjack), ബോംബ് (Bomb) എന്നിങ്ങനെയുള്ള വാക്കുകള്‍ കേട്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു ബോംബ് ത്രെട്ട് അസെസ്‌മെന്റ് (Bomb Threat Assessment – BTA) നടത്തിയേ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയൂ. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (Bureau for Civil Aviation Security – BCAS) മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് വേണം ഇവ ചെയ്യാൻ. 2021 മുതല്‍ കഴിഞ്ഞ 11 വരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇത്തരത്തില്‍ 22 കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി വിമാനത്താവള സുരക്ഷാവിഭാഗം ഉദ്യോഗസ്ഥൻ ‘മാധ്യമ സിന്‍ഡിക്കറ്റി’നോടു പറഞ്ഞു.

‘ബോംബ് ഭീഷണി’ മുഴക്കുന്നവരെ പരിശോധനയില്‍ ബോംബില്ലെന്നു കണ്ടാല്‍ വെറുതെ വിടുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അത്ര ലളിതമല്ല കാര്യങ്ങള്‍. പരിശോധനകള്‍ക്കു ശേഷം യാത്രക്കാരനെ ക്രിമിനല്‍ നടപടികള്‍ക്കായി പോലീസിനു കൈമാറും. അഞ്ചു വര്‍ഷം വരെ തടവും ലഭിച്ചേക്കാമെന്ന് മാത്രമല്ല, കൂടുതൽ കുഴപ്പക്കാരനെന്ന് കണ്ടാൽ വിമാന കമ്പനികള്‍ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യുകയും ചെയ്യും. തമാശയെന്നു കരുതി ചെയ്യുന്ന കാര്യങ്ങള്‍ക്കു പോലും വലിയ വില കൊടുക്കേണ്ടിവരും എന്നു സാരം. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ച അജ്ഞതയാണ് പലരെയും അബദ്ധങ്ങളില്‍ ചാടിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top