വിമാനങ്ങള്‍ക്ക് നേരെ വ്യാജഭീഷണിയോ; ഇനി ലഭിക്കുക യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷണ നടപടികള്‍

വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി ഗുരുതര കുറ്റകൃത്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞത്.

ഇന്ത്യയിലെ നിരവധി വിമാനസര്‍വീസുകള്‍ക്ക് ഒരേ സമയം വ്യാജ ബോംബ്‌ ഭീഷണി ലഭിച്ചതോടെയാണ് കുറ്റക്കാര്‍ക്ക് ഗുരുതര ശിക്ഷ നല്‍കുന്ന കാര്യം ആലോചനയില്‍ വന്നത്. ഇതുവരെ ലഭിച്ച ഭീഷണി സന്ദേശങ്ങള്‍ അന്വേഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്. .

“ഭീഷണികള്‍ നിസാരമായി കാണാനാവില്ല. വ്യാജ കോളുകള്‍ക്ക് എതിരെയും ഇ-മെയിലുകള്‍ക്ക് എതിരെയും നടപടി വരും. വലിയ ബുദ്ധിമുട്ടുകളാണ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നേരിടുന്നത്. വിപിഎന്‍ ഉപയോഗിച്ചാണ് കോളുകള്‍ വരുന്നത്. അത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കോളുകള്‍ ആയേക്കും.” – മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വിമാനസര്‍വീസുകളുടെ നേര്‍ക്ക് കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറോളം ബോംബ് ഭീഷണികളാണ് ലഭിച്ചത്. വിവിധ വ്യോമയാന കമ്പനികളുടെ മേധാവികളുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ജര്‍മനി, ലണ്ടന്‍, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഐപി അഡ്രസുകളില്‍ നിന്നാണ് ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കരുതെന്ന ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ രംഗത്ത് വന്നിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിന്റെ നാല്‍പതാം വാര്‍ഷികം അടുക്കവേയാണ് ഭീഷണിസന്ദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top