‘പാർട്ടി ഞങ്ങളെ ചതിച്ചു!’; സതീശനെ രക്ഷിക്കാൻ തട്ടിക്കൂട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം, മൊയ്തീൻ അറസ്റ്റിലായാൽ ന്യായികരിക്കാൻ പാടുപെടും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സാധാരണക്കാരായ ഡയറക്ടർ ബോർഡ് മെമ്പർമാരെയും പാർട്ടി ഭാരവാഹികളെയും സിപിഎം ജില്ലാ നേതൃത്വം വഞ്ചിച്ചുവെന്ന് ആരോപണം. ഡയറക്ടർ ബോർഡ് അംഗങ്ങളെ ബലിയാടാക്കിയെന്ന് സിപിഐ അംഗങ്ങളും നേതൃത്വത്തിനെതിരെ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

തട്ടിപ്പു തിരിച്ചറിഞ്ഞു പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്നു രണ്ട് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ മാധ്യമങ്ങളോടു വെളിപ്പെടുത്തി. സിപിഐയുടെ പ്രതിനിധികളായിരുന്ന ലളിതനും സുഗതനുമാണ് മാധ്യമങ്ങൾക്കു മുന്നിൽ തങ്ങളെ സിപിഐ തള്ളിപ്പറഞ്ഞ കാര്യം തുറന്നുപറഞ്ഞത്. ഇരുവരും ജയിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളിപ്പറഞ്ഞു. ഇരുവരിൽ നിന്ന് പത്ത് കോടി ഈടാക്കാനാണ് സഹകരണ വകുപ്പ് തീരുമാനം. ഇപ്പോൾ ജീവിക്കുന്നത് സെക്യൂരിറ്റി പണിയെടുത്തിട്ടാണെന്നും വേറെ മാർഗ്ഗമില്ലെന്നും ഇവർ പറഞ്ഞു. 50 ലക്ഷത്തിന്റെ വീതമുള്ള ലോണുകൾ പാസാക്കിയത് ഭരണ സമിതി അംഗങ്ങളെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ്. സെക്രട്ടറി തീരുമാനങ്ങളൊക്കെ മിനുട്സിൽ എഴുതി ചേർക്കുകയായിരുന്നു. ബാങ്കിൽ നിന്ന് കൃത്യമായ വായ്‌പയും നിക്ഷേപങ്ങളും തിരികെക്കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്.

ഇതിനിടയിൽ കള്ളപ്പണക്കേസിലെ പ്രധാനസാക്ഷി കെ.എ. ജിജോറിനെതിരെ മുഖ്യപ്രതി പി.സതീഷ് കുമാറും സിപിഎം പ്രാദേശിക നേതാവും തമ്മിൽ നടന്ന ഗൂഢാലോചനയുടെ ശബ്ദ രേഖ ഇഡി കണ്ടെടുത്തു. ‘ജിജോർ നമുക്കെതിരെ വന്നാൽ എന്തുചെയ്യും? ജിജോറിന്റെ മൊഴി പുറത്തുപോകുമോ?, ജിജോറിനെ ഒഴ‍ിവാക്കേണ്ടേ?’ തുടങ്ങിയ ചോദ്യങ്ങൾ ഇരുവരും തമ്മിൽ ചോദിക്കുന്നതു ശബ്ദരേഖകളിൽ വ്യക്തം. കേസിൽ ജിജോറിന്റെ മൊഴികളും നൽകിയ വിവരങ്ങളും ഏറെ നിർണായകമായതിനാൽ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്.

ഇതുവരെ സിപിഎം ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ പറഞ്ഞിരുന്ന വാദങ്ങളൊന്നും തന്നെ സത്യമല്ലെന്നാണ് അടിക്കടി പുറത്തുവരുന്ന വെളിപ്പെടുത്തലുകളും കുമ്പസാരങ്ങളും തെളിയിക്കുന്നത്. രണ്ടുവർഷമായി നീളുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഒന്നും പുറത്തുവരാതിരുന്നപ്പോളാണ് ഇഡി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവിട്ടത്. ഇഡിയുടെ അന്വേഷണം നിർണ്ണായക വഴിത്തിരുവിലാണ്. മുൻ സഹകരണ മന്ത്രി എ.സി.മൊയ്‌തീനെ 19-ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ഉണ്ടായേക്കുമെന്ന് പാർട്ടി ഭയപ്പെടുന്നുണ്ട്. മുൻ ഭരണ സമിതി അംഗങ്ങൾ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇഡിക്ക് സഹായകരമായത്.

കള്ളപ്പണക്കേസിലെ മുഖ്യ പ്രതി പി.സതീഷ് കുമാറിനെ ക്രൈം ബ്രാഞ്ച് വിളിച്ച് ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. എന്നാൽ ഇയാളുടെ പങ്കിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് കാര്യമായി ഒന്നും അന്വേഷിച്ചില്ല. വ്യാജരേഖകൾ ചമച്ച് പലരും നടത്തിയ തട്ടിപ്പികൾ, വ്യാജ വിലാസത്തിൽ വായ്പ അനുവദിച്ചത് തുടങ്ങിയ ക്രമക്കേടുകളെല്ലാം തന്നെ ക്രൈം ബ്രാഞ്ച് മറച്ചു വയ്ക്കുകയും വേണ്ടപ്പെട്ടവരെയും രാഷ്ട്രീയനേതാക്കളെയും രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തിയത്. ഇഡി പിടിമുറുക്കിയതോടെ ക്രൈം ബ്രാഞ്ച് ഒരുക്കിയ രക്ഷാമാർഗങ്ങളെല്ലാം അടഞ്ഞുപോയി.

അതേസമയം, കരുവന്നൂർ സഹകരണ വായ്പാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയിലാണ്. രണ്ടു കൊല്ലമായിട്ടും കേസിൽ കുറ്റപത്രമായിട്ടില്ല. തട്ടിപ്പിലെ സിപിഎം ഇടപെടലിലും അന്വേഷണമുണ്ടായില്ല. വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പു നടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് 2021 ജൂലൈയിൽ അന്വേഷണം തുടങ്ങുന്നത്. തൊട്ടുപിന്നാലെ കരുവന്നൂരിലെ കള്ളപ്പണ ഇടപാടിൽ ഇഡിയും അന്വേഷണം ആരംഭിച്ചു. വെളപ്പായ സതീശൻ, കിരൺ, എ.സി.മൊയ്തീൻ, സിപിഎം കൗൺസിലർമാരായ അനൂപ് കാട, അരവിന്ദാക്ഷൻ എന്നിവരിലേക്ക് ഇഡി അന്വേഷണമെത്തിയപ്പോൾ ക്രൈംബ്രാ‍ഞ്ച് ഇവരെ വിട്ടുകളഞ്ഞു. പ്രതികളുടെ മൊഴികളിൽ നിന്ന്, ബാങ്കിൽ നിന്ന് കണ്ടെത്തിയ രേഖകളിൽ നിന്ന് സതീശൻറെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. മൊഴിയെടുക്കാൻ വിളിപ്പിച്ചതല്ലാതെ കൂടുതൽ അന്വേഷണത്തിലേക്ക് പോയില്ല. സതീശൻറെ സിപിഎം ബന്ധം ക്രൈംബ്രാ‍‌ഞ്ചിനെ പിന്നോട്ടടിച്ചെന്നാണ് ഉയരുന്ന ആക്ഷേപം. സതീശനെയും കൂട്ടരെയും രക്ഷപ്പെടുത്താനുള്ള തട്ടിക്കൂട്ട് അന്വേഷണമായിരുന്നു രണ്ടു കൊല്ലമായി നടന്നത്.

എന്നാൽ, കരുവന്നൂരിനു പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും പരിശോധന നടത്തുകയാണ് ഇഡി. മുഖ്യ പ്രതി വെളപ്പായ സതീശൻറെ അക്കൗണ്ടുകൾ മരവിപ്പിച്ച അയ്യന്തോൾ സഹകരണ ബാങ്കിൽ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്കിൽ നോട്ടുനിരോധനകാലത്ത് 96 കോടിരൂപ വെളിപ്പിച്ചെടുത്തുവെന്നാണ് ഇഡിക്കു ലഭിച്ച വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top