ഷീലസണ്ണിയെ കുടുക്കിയത് ബന്ധു തന്നെ; മരുമകളുടെ സഹോദരിക്ക് പങ്കെന്ന് സംശയം, ഹാജരാകാൻ സുഹൃത്തിന് നോട്ടീസ്

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിമരുന്ന് കൈവശം വച്ചുവെന്ന കുറ്റത്തിന് എക്സൈസ് അറസ്റ്റുചെയ്തത് 2023 ഫെബ്രുവരി 27നാണ്. എന്നാൽ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത് ലഹരിയല്ലെന്ന് രാസപരിശോധനയിൽ തിരിച്ചറിഞ്ഞു. 72 ദിവസം ജയിലിൽ കിടക്കേണ്ടിവന്ന ഷീല സണ്ണി പുറത്തുവന്ന് നടത്തിയ വെളിപ്പെടുത്തലിലൂടെ എക്സൈസ് വകുപ്പ് പ്രതിക്കൂട്ടിലായി. ഇതോടെയാണ് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം എക്സൈസ് തന്നെ തുടങ്ങിയത്. ഇതാണ് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസിൽ എത്തിനിൽക്കുന്നത്.

ഷീല സണ്ണിയെ അറസ്റ്റുചെയ്ത എക്സൈസ് സംഘത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ വ്യക്തമായി. ഇൻ്റർനെറ്റ് കോളായാണ് വിവരം ആദ്യം എത്തുന്നത്. ഈ കോൾ ചെയ്തയാളെ തിരഞ്ഞുള്ള അന്വേഷണം ആദ്യം അടുത്ത ബന്ധുവിലേക്ക് എത്തി. ഷീല സണ്ണിയുടെ മകൻ്റെ ഭാര്യയും അനുജത്തിയും തലേന്ന് ഇവരുടെ സ്കൂട്ടർ ഉപയോഗിച്ചിരുന്നതായി വ്യക്തമായി. ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അനുജത്തി മുൻകൂർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണമാണ് ഇവരുടെ ബെംഗളൂരുവിലെ സുഹൃത്ത് നാരായണദാസിലേക്ക് എത്തിയത്. ഇയാളാണ് ഇൻ്റർനെറ്റ് കോൾ മുഖേന എക്സൈസിനെ ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിച്ചിരിക്കുകയാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മിഷണർ ടി.എം.മജു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വ്യാഴാഴ്ചയാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. അതിന് ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യം തീരുമാനിക്കാനാകൂ. ഇവരുടെ ഉദ്ദേശ്യം സംബന്ധിച്ചും വ്യക്തതയില്ല. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അറിയില്ല. ഏതായാലും നാരായണദാസിനെ പ്രതി ചേർത്ത് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി അസിസ്റ്റൻ്റ് കമ്മിഷണർ സ്ഥിരീകരിച്ചു.

ഷീലയുടെ മകൻ്റെ ഭാര്യയുടെ അനുജത്തി ലിവിയയാണ് സംശയനിഴലിലുള്ളത്. ഇവർ മോഡലും ബെംഗളൂരുവിൽ വിദ്യാർത്ഥിയുമാണ്. മരുമകൾക്കും കൃത്യത്തിൽ പങ്കുണ്ടാകാമെന്ന് ഷീല സണ്ണി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. “എന്നെ അറസ്റ്റ് ചെയ്തതിന്റെ തലേദിവസം മരുമകളും അനിയത്തിയും മാത്രമായിരുന്നു വീട്ടിൽ. എന്റെ വണ്ടിയുമായി ഇവർ ചാലക്കുടിയിൽ പോയിരുന്നു. മറ്റാരും ആ വണ്ടി ഉപയോഗിച്ചിട്ടുമില്ല. മയക്കുമരുന്ന് അന്വേഷിച്ച് വന്ന ഉദ്യോഗസ്ഥർ പാർലറിൽ മറ്റൊരിടത്തും തിരഞ്ഞില്ല. ബാഗും വണ്ടിയും മാത്രമാണ് പരിശോധിച്ചത്. വിവരം നൽകിയവർ കൃത്യമായ സ്ഥലം വരെ പറഞ്ഞു കൊടുത്തിരുന്നു”; ഷീല സണ്ണി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

ഷീലയുടെ മകൻ ചാലക്കുടിയിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തുകയാണ്. മുൻപ് ലിവിയയുടെ ബെംഗളൂരു ജീവിതത്തെക്കുറിച്ച് കേട്ട ചില കാര്യങ്ങൾ മകൻ ഭാര്യയോട് ചോദിച്ചിരുന്നുവെന്നും അതിൻ്റെ പേരിൽ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഷീല പറഞ്ഞു. വൈരാഗ്യമുണ്ടാകാൻ തരത്തിൽ മറ്റൊരു പ്രശ്നവും ഉണ്ടായിട്ടില്ല. തന്നെ ഈ മട്ടിൽ ഉപദ്രവിക്കാൻ തക്കവിധം മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരുന്നോ എന്ന് എക്സൈസിൻ്റെ അന്വേഷണത്തിൽ വ്യക്തമാകട്ടെയെന്നും ഷീല സണ്ണി പറഞ്ഞു. പിടികൂടിയത് വ്യാജ ലഹരിയാണെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ ഷീലക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top