നാലുകണ്ടെയ്നർ ഗോൾഡ് ഫ്ലേക് വ്യാജൻ കപ്പലിൽ കടത്തിയ സംഘത്തെ മലപ്പുറത്ത് നിന്ന് പൊക്കി കസ്റ്റംസിൻ്റെ ചടുലനീക്കം; രണ്ടുപേർ റിമാൻ്റിൽ
25 ലക്ഷം സിഗററ്റുകൾ, വിലയിട്ടാൽ നാലരക്കോടിയിലധികം; നാലു കണ്ടെയ്നറുകളിലായി ഇക്കഴിഞ്ഞ നവംബറിൽ കൊച്ചിയിലേക്ക് കടത്തിയ ഈ ചരക്ക് കണ്ട് കസ്റ്റംസ് സംഘം ഞെട്ടി. നികുതി വെട്ടിച്ച് സിഗററ്റ് കടത്തുന്നതായി വിവരം കിട്ടി കൊച്ചി സീപോർട്ടിൽ പരിശോധനക്ക് എത്തിയതായിരുന്നു കസ്റ്റംസ് സ്പെഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്. രാജ്യത്തെ തന്നെ ഏറ്റവും വിപുലമായ ഈ കടത്തിന് പിന്നിലാരെന്ന് അന്നുതന്നെ വിവരം ഉണ്ടായിരുന്നെങ്കിലും കസ്റ്റംസ് വലവീശിയെന്ന് അറിഞ്ഞതും സംഘം മുങ്ങി.
പെരിന്തൽമണ്ണ വലമ്പൂർ ഫാസിൽ, പെരിന്തൽമണ്ണക്കാരൻ തന്നെയായ ഹസീബ് എന്നിവരുടെ ജാതകമെടുത്ത് റെഡിയാക്കി കാത്തിരിക്കുകയായിരുന്നു അന്വേഷണസംഘം. പലവട്ടം സമൻസ് നൽകിയെങ്കിലും സ്ഥലത്തില്ല എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം നാട്ടിലെത്തിയെന്ന് വിവരം കിട്ടി. ഇന്നലെ അതിരാവിലെ വീടുവളഞ്ഞാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് കൊച്ചിയിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി ഇന്നൊരു പകൽ മുഴുവൻ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇവരിൽ ഫാസിൽ മുൻപ് തന്നെ കസ്റ്റംസിൻ്റെ റഡാറിൽ ഉണ്ടായിരുന്നു. ഉള്ളി കയറ്റുമതിക്ക് നിരോധനം ഉണ്ടായിരുന്ന കാലയളവിൽ വൻതോതിൽ കള്ളക്കടത്ത് നടത്തി ഇയാൾ പിടിയിലായിരുന്നു. തുടർന്ന് പിഴയീടാക്കി വിട്ടയച്ചതാണ്. പച്ചക്കറി ഇനങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ് ഇവരുടെ പ്രധാന ബിസിനസ്. ഇതിൽ തന്നെ നിരോധനമുളള ഇനങ്ങൾ നിരോധനം നിലനിൽക്കെ തന്നെ കയറ്റിയയച്ച് വൻ ലാഭമുണ്ടാക്കുക എന്നതാണ് ഇവരുടെ തന്ത്രം. ഫർണസ് ഓയിൽ ഇറക്കുമതിക്കും ഇവർ ലൈസൻസ് നേടിയിട്ടുണ്ട്.
വ്യാജ സിഗററ്റിൻ്റെ ഉറവിടം ദുബായ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരെണ്ണം 18 രൂപക്ക് കേരളത്തിൽ വിൽക്കുന്ന ഗോൾഡ് ഫ്ലേക്കിൻ്റെ വ്യാജനാണ് പിടിച്ചെടുത്തത്. ഈ വിലക്ക് തന്നെയാകും വ്യാജനും വിൽക്കുക. ഇത് കണക്കിലെടുത്താൽ നാലരക്കോടിയുടെ ഇടപാടാണ് നടക്കാനിരുന്നത്. ദുബായിൽ നാമമാത്ര തുകക്ക് ഉണ്ടാക്കുന്നത് ആണിവ. സിഗരറ്റുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച ഐടിസിക്ക് (ഇന്ത്യൻ ടുബാക്കോ കമ്പനി) ഇത് നശിപ്പിക്കാനായി കസ്റ്റംസ് കൈമാറിയിരുന്നു. റോഡ് പണിയാൻ ഉപയോഗിക്കുന്ന ടാർ ഇറക്കുമതി ചെയ്യുന്നതിൻ്റെ മറവിലായിരുന്നു കള്ളക്കടത്ത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here