ബിടിഎസ് ട്രൂപ്പ് അംഗങ്ങളെ നേരില്‍ കാണുക ലക്ഷ്യം; മൂന്ന് പെണ്‍കുട്ടികള്‍ കണ്ടെത്തിയ വിചിത്ര മാര്‍ഗം ഇങ്ങനെ
മഹാരാഷ്ട്രയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളുടെ സ്വപ്നമായിരുന്നു ബിടിഎസ് പോപ്പ് ബാന്‍ഡ് അംഗങ്ങളെ നേരിട്ട് കാണുക എന്നത്. അതിന് അവര്‍ അവലംബിച്ച മാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ധാരാശിവ് ജില്ലയിൽ നിന്നുള്ള 11 വയസും 13 വയസും പ്രായമുള്ള പെൺകുട്ടികളാണ് കഥാപാത്രങ്ങള്‍.
പണം സമ്പാദിക്കുക, ദക്ഷിണ കൊറിയയില്‍ എത്തുക. ഇതാണ് പെണ്‍കുട്ടികള്‍ ലക്ഷ്യം വച്ചത്. ഇതിനായി അവര്‍ തട്ടിക്കൊണ്ടുപോകല്‍ നാടകമാണ് പ്ലാന്‍ ചെയ്തത്. ഒമേർഗയിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീയുടെ നമ്പറില്‍ നിന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതായി പോലീസിനു വിവരം ലഭിച്ചത്.
സോലാപൂർ ജില്ലയിലെ മൊഹോളില്‍ എത്തിയപ്പോള്‍ പോലീസ് ബസ് ട്രാക്ക് ചെയ്തു. മൊഹോൾ ബസ് സ്റ്റാൻഡിൽ കട നടത്തുന്ന ഒരു സ്ത്രീയുമായും മൊഹോളിലെ അവരുടെ സഹപ്രവർത്തകരുമായും ഒമർഗ പോലീസ് ബന്ധപ്പെട്ടു. യുവതിയുടെ സഹായത്തോടെ മൂന്ന് പെൺകുട്ടികളെയും ബസിൽ നിന്നും ഇറക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
പൂനെയിൽ പോയി അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കാനും അതിനുശേഷം ദക്ഷിണ കൊറിയയിലേക്ക് പോയി ബിടിഎസ് പോപ്പ് ബാൻഡിലെ അംഗങ്ങളെ കാണുകയും ആയിരുന്നു ലക്ഷ്യം എന്നാണ് പോലീസിനോട് കുട്ടികള്‍ പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here