ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യകേന്ദ്രം; പെരിങ്ങോട്ടുകരയില്‍ നിന്നും പിടിച്ചെടുത്തത് 1072 ലിറ്റര്‍ മദ്യം; ആറുപേര്‍ അറസ്റ്റില്‍

തൃശൂര്‍: പെരിങ്ങോട്ടുകരയിലെ വ്യാജമദ്യ കേന്ദ്രത്തില്‍ നിന്നും 1072 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഡോക്ടറും സിനിമാ നടനുമായ ഡോ.അനൂപ്‌ കുമാര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ പിടിയിലായി. പെരിങ്ങോട്ടുകരയിലെ റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യനിര്‍മ്മാണം നടത്തിയിരുന്നത്. റജി കെ.വി (55), ഡോ.അനൂപ്‌ കുമാര്‍ (44), സെറില്‍ ഡി മാത്യു (37), മെല്‍വിന്‍ തോമസ്‌ (44), റോബിന്‍ (47) , റജീഷ് (34) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അറസ്റ്റിലായ ഡോ. അനൂപ് സിനിമയിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെന്നാണ് മൊഴി നല്‍കിയത്. അസ്ഥിരോഗ ഡോക്ടറാണെന്നും ബംഗളൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പഠിച്ചതെന്നും പറഞ്ഞിട്ടുണ്ട്.

മാസങ്ങളായി ഇവിടെ വ്യാജമദ്യകേന്ദ്രം പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് സ്പിരിറ്റ്‌ എത്തിച്ചത്. സ്പിരിറ്റും കലാമിനും ചേര്‍ത്ത് കന്നാസുകളിലായി റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബോട്ടിലുകളിലാക്കി സൂക്ഷിച്ച മദ്യവും പിടിച്ചിട്ടുണ്ട്.

പ്രതികളെ വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്നും സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും തൃശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാനവാസ് എസ്. മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “അനൂപ്‌ ഡോക്ടറാണെന്നാണ് പറഞ്ഞത്. കര്‍ണാടകയിലെ മെഡിക്കല്‍ കോളജിലാണ് പഠിച്ചതെന്നും പറഞ്ഞിട്ടുണ്ട്. ഈ കാര്യം പോലീസിന് റിപ്പോര്‍ട്ട് ചെയ്യുമെന്നും അന്വേഷണം നടത്തുമെന്നും” എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top